ചെന്നൈ : മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ. സ്വയംപ്രഖ്യാപിത വിശ്വഗുരു കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇനിയെങ്കിലും ബിജെപി സർക്കാരുകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. മണിപ്പൂർ സർക്കാരാകട്ടെ സംഘർഷം നേരിടാൻ കൂടുതൽ നടപടിയുമായി മുന്നോട്ട് പോവുകയാണ്. ഓരോ ജില്ലയിലും ക്രമസമാധാനം പാലിക്കാൻ ഓരോ സേനയെ വിന്യസിക്കുന്നതാണ് പുതിയ നടപടി. സേനകളുടെ ഏകോപനം കൃത്യമാകാനാണ് ഇത്തരമൊരു നടപടി സർക്കാർ എടുത്തിരിക്കുന്നത്. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്.
നേരത്തെ മണിപ്പൂരിനെ പ്രശ്നബാധിതയിടമായി മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്തെയ് – കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷത്തില്‍ അയവ് വരാത്തതിനെ തുടർന്നായിരുന്നു നടപടി. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതോടെ മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നത് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്.