തിരുവല്ല : മണിപ്പൂരില്‍ തുടരുന്ന വംശീയ കലാപത്തില്‍ ജീവന്‍ ഹോമിക്കപ്പെട്ട വ്യക്തികളോടും ഭീതിയില്‍ കഴിയുന്ന സമൂഹത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കത്തിജ്വലിക്കുന്ന മെഴുകുതിരിയുമായി നിക്കോള്‍സണ്‍ സിറിയന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുന്ന മണിപ്പൂര്‍ വിദ്യാര്‍ത്ഥിനികള്‍ പ്രാര്‍ത്ഥനായജ്ഞം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മാനേജര്‍ ഗീത റ്റി. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനയജ്ഞത്തില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ. കെ ഇ. ഗീവര്‍ഗീസ് സമാധാന- ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. സ്‌കൂള്‍ ചപ്ലെയിന്‍ റവ. പ്രകാശ് എബ്രഹാം, സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗം റ്റിജു എം ജോര്‍ജ്, സഭാ കൗണ്‍സില്‍ അംഗം തോമസ് കോശി, പ്രിന്‍സിപ്പാള്‍മാരായ മെറിന്‍ മാത്യു, ജയ സാബു ഉമ്മന്‍, അധ്യാപകരും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും പ്രാര്‍ത്ഥനായജ്ഞത്തിന് നേതൃത്വം നല്‍കി.
കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ വന്ന 29 വിദ്യാര്‍ഥിനികള്‍ക്ക് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മായുടെ പ്രത്യേക താല്പര്യപ്രകാരം മാര്‍ത്തോമാ സഭയുടെ നിക്കോണ്‍സണ്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അഭയം നല്‍കി. ഇന്നവര്‍ പാഠ്യ – പാഠ്യനുബന്ധ പ്രവര്‍ത്തനങ്ങളില്‍ വളരെ മുന്‍പന്തിയിലാണ് സ്‌കൂള്‍ അന്തരീക്ഷത്തോടും കേരളീയ സംസ്‌കാരത്തോടും ഈ കുഞ്ഞുങ്ങള്‍ പൂര്‍ണമായും ഇഴുകിച്ചേര്‍ന്നു. ജനിച്ചു വളര്‍ന്ന ദേശം നേരിടുന്ന വിപത്തിന് ശമനം ഉണ്ടാകുന്നതിനായി അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. നാളെകളില്‍ മണിപ്പൂരിലെ മുറിവുകള്‍ക്ക് അറുതി വരുമെന്ന് അവര്‍ വിശ്വസിക്കുന്നു. നിഷ്‌കളങ്കരായ കുരുന്നുകള്‍ കത്തിജ്വലിക്കുന്ന മെഴുകുതിരിയുമായി നടത്തിയ പ്രാര്‍ത്ഥന ഫലപ്രാപ്തിയില്‍ എത്തുമെന്ന് പ്രത്യാശിക്കാം.