കോട്ടയം: മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കേരള കോണ്‍ഗ്രസ് (എം). എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന ജനകീയ സദസ്സില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രെഫ. ലോപ്പസ് മാത്യു രംഗത്തെത്തി. രാജ്യം കത്തിയുമ്പോള്‍ വീണ വായിച്ചു രസിച്ച നീറോക്രവര്‍ത്തിയെ തോല്‍പ്പിക്കുന്ന വിധത്തില്‍ മണിപ്പൂര്‍ കത്തി അമരുമ്പോഴും രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായ അവസരത്തിലും ഫ്രാന്‍സിലും അമേരിക്കയിലും പറന്നു നടന്ന് ആയുധ കച്ചവടത്തിലൂടെ കോടികളുടെ കമ്മീഷന്‍ പറ്റുന്ന വ്യഗ്രതയിലാണ് പ്രധാനമന്ത്രി. ഈ കമ്മീഷന്‍ പണത്തിലൂടെ ഭാരതത്തിന്റെ മഹത്തായ ജനാധിപത്യ സംവിധാനങ്ങളെ വിലക്കു മേടിക്കുവാന്‍ തനിക്ക് കഴിയുമെന്ന ധാര്‍ഷ്ട്യത്തിന്റെ ഫാസിസ്റ്റ് പ്രഖ്യാപനമാണ് ‘മൂന്നാം വട്ടവും താന്‍ തന്നെ പ്രധാനമന്ത്രി ‘ എന്ന് ജനങ്ങളുടെ പൗരാവകാശത്തെ വെല്ലുവിളിക്കാന്‍ നരേന്ദ്രമോദിക്ക് ധൈര്യം നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാനതകളില്ലാത്ത വംശഹതിയാണ് മണിപ്പൂരില്‍ നടക്കുന്നത് എന്നറിയുണ്ടായിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഇപ്പോഴും കാര്യമായി രംഗത്ത് വന്നിട്ടില്ല. കേവലം പ്രസ്താവനയുടെയും ചട്ടപ്പടിസമരത്തിന്റെയും ആലസ്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസ് എന്ന് പ്രൊഫസര്‍ ലോപ്പസ് മാത്യു ചൂണ്ടിക്കാട്ടി. നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കളം ഒരുക്കുന്ന തിരക്കില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി എന്ന റോള്‍ കോണ്‍ഗ്രസ് നിര്‍വഹിക്കുന്നുണ്ടോ എന്ന് സ്വയം ആത്മ പരിശോധന ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഡ് ആന്‍ഡ് റൂള്‍ എന്നതിന്റെ നരേന്ദ്രമോദി വെര്‍ഷന്‍ രാജ്യത്ത് നടമാടുമ്പോള്‍ കുറ്റകരമായ മൗനമാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത് അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപത്തിന്റെ തുടക്കം മുതല്‍ കേരള കോണ്‍ഗ്രസ് (എം) എടുത്ത ശക്തമായ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് കൂടിയായ എല്‍ഡിഎഫ് കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യുവിന്റെ പ്രസ്താവനിലൂടെ പുറത്തുവരുന്നത്. പാര്‍ട്ടിയുടെ എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴികാടനും മണിപ്പൂരില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മണിപ്പൂര്‍ കൂട്ടക്കുരുതിയുടെ വ്യാപ്തി മനസ്സിലായത്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കേരള കോണ്‍ഗ്രസ് എംപിമാര്‍ നടത്തുന്ന ഇടപെടലുകള്‍ വലിയതോതില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് ലോപ്പസ് മാത്യു തന്നെ രംഗത്തെത്തിയത്.