ഇംഫാല്‍ : മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച ആളുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. 55 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ 3 ദിവസം കൂടി തുടര്‍ന്നേക്കുമെന്നും മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് റെയില്‍പാത നിര്‍മാണ സ്‌ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം ഉണ്ടായത്. മരിച്ച ആളുകളില്‍ 10 പേര്‍ ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍മാരാണെന്നും ഇതില്‍ 9 പേര്‍ ബംഗാളില്‍ നിന്നുള്ളവരാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്‌തമാക്കി.
കഴിഞ്ഞ ബുധനാഴ്‌ച അര്‍ധരാത്രിയോടെ മഖുവാം മേഖലയ്‌ക്ക് സമീപം സ്‌ഥിതിചെയ്യുന്ന തുപുല്‍ യാര്‍ഡ് റെയില്‍വേ നിര്‍മാണ ക്യാംപിന് സമീപത്തായാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചില്‍ ഉണ്ടായതോടെ റെയില്‍വൈ ലൈന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്‌ഥരും തൊഴിലാളികളും അവര്‍ക്ക് സുരക്ഷ നല്‍കാനായി ഉണ്ടായിരുന്ന ജവാന്‍മാരുമാണ് അപകടത്തില്‍ പെട്ടത്. നിലവില്‍ കരസേന, അസം റൈഫിള്‍സ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.