ഡൽഹി : മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസിയോട് റിപ്പോർട്ട് തേടി സുപ്രിംകോടതി. സി.ബി.ഐയോടും എൻ.ഐ.എയോടുമാണ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മണിപ്പൂർ സർക്കാരിനോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്നും കോടതി തേടി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു നിർദേശം. അന്വേഷണവുമായി ബന്ധപ്പെട്ടു വ്യക്തത തേടിക്കൊണ്ടുള്ള സ്‌പെഷൽ ജഡ്ജി, സി.ബി.ഐ, എൻ.ഐ.എ എന്നിവരുടെ കത്തു ചൂണ്ടിക്കാട്ടിയുള്ള അസം രജിസ്ട്രാർ ജനറലിന്റെ സന്ദേശം പരിഗണിക്കുകയായിരുന്നു കോടതി.
കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണ അസമിൽ തന്നെ നടക്കേണ്ടതുണ്ടോ, കുറ്റകൃത്യം ചെയ്ത സമയത്ത് പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ എന്തൊക്കെ നടപടിക്രമങ്ങൾ പാലിക്കണം തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉണ്ടായിരുന്നത്. ഇക്കാര്യങ്ങളിലേക്കു കടക്കാൻ വിവിധ ഏജൻസികൾ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.