കോഴഞ്ചേരി: മണിപ്പൂര്‍ കലാപത്തില്‍ പീഡനമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മാരാമണ്‍ മാര്‍ത്തോമാ ഇടവക സംയുക്ത യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നെടുംപ്രയാര്‍ ജംഗ്ഷനില്‍ നിന്നും കോഴഞ്ചേരി ടൗണ്‍ വരെ ഐക്യദാര്‍ഢ്യ റാലിയും തുടര്‍ന്ന് കോഴഞ്ചേരി ടൗണില്‍ വെച്ച് ഐക്യദാര്‍ഢ്യ സംഗമവും നടത്തി. കെസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് ഉദ്ഘാടനവും മുഖ്യ സന്ദേശവും നിര്‍വഹിച്ചു. എത്രയും വേഗം മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഒഴിവാക്കാനും പള്ളികള്‍ സംരക്ഷിക്കാനും വേണ്ട നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ മാരാമണ്‍ ഇടവക വികാരി റവ. ജിജി തോമസ് അധ്യക്ഷത വഹിച്ചു. സംഗമത്തിനൊടുവില്‍ മെഴുകുതിരികള്‍ തെളിയിക്കുകയും പ്രതിജ്ഞയേറ്റു ചൊല്ലുകയും ദേശീയ ഗാനത്തോടെ സംഗമം സമാപിച്ചു. റവ. ജോര്‍ജ് മാത്യു കരിക്കം, റവ. ഡോ. എബ്രഹാം സക്കറിയ, റവ. രാജു പി. ജോര്‍ജ്, റവ. പ്രിന്‍സ് ആര്‍, റവ. ജസ്റ്റിന്‍ ജേക്കബ് പാപ്പച്ചന്‍, റവ. ജിതിന്‍ മാത്യൂസ്, റവ. ജോണ്‍ മാത്യു, സാറാ തോമസ് ചെറുകര, ജോര്‍ജ് കുന്നപ്പുഴ, അനീഷ് കുന്നപ്പുഴ, ബിജിലി പി. ഈശോ, അശ്വിന്‍ പരപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.