മഞ്ഞനിക്കര : പരിശുദ്ധ മോറോനെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്നുള്ള പ്രാർത്ഥനകൾ ഉരുവിട്ട് നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നും തിരിച്ച കാൽനട തീര്‍ഥയാത്രകൾ നാളെ മഞ്ഞിനിക്കര കബറിങ്കൽ എത്തിച്ചേരും. ഏഷ്യയിലെ ഏറ്റവും വലിയ കാൽനടതീര്‍ഥയാത്ര എന്ന് വിശേഷിപ്പിക്കുന്നതാണ് മഞ്ഞിനിക്കര കാൽനട തീര്‍ഥയാത്ര. മോർ ഇഗ്നാത്തിയോസ്സ് ഏലിയാസ് തൃതീയൻ ബാവായുടെ 91 മത് ദുഖ്‌റോനോ പെരുന്നാളാണ് മഞ്ഞിനിക്കരയിലെ ദയറായിൽ ആചരിക്കുന്നത്.
വടക്കൻ മേഖല, കിഴക്കൻ മേഖല, തെക്കൻ മേഖല, പടിഞ്ഞാറൻ മേഖല എന്നിങ്ങനെയാണ് തീർത്ഥയാത്ര ഗ്രൂപ്പുകൾ വരുന്നത്. പ്രധാന തീർത്ഥ യാത്ര വടക്കൻ മേഖലയാണ്. വയനാട്ടിലെ മീനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന തീർത്ഥ യാത്ര കോഴിക്കോട് വഴി അങ്കമാലി, മൂവാറ്റുപുഴ എത്തി ഇവിടെ നിന്നും ഉള്ള തീർത്ഥാടകരും ചേർന്നാണ് പിന്നീട് യാത്ര. ഓരോ തീർത്ഥ യാത്ര ഗ്രൂപ്പുകൾക്കും അലങ്കരിച്ച രഥങ്ങൾ ഉണ്ടാകും.
അടിമാലി, മൂന്നാർ, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, മണർകാട്, തിരുവല്ല വഴിയാണ് പ്രധാന തീർത്ഥയാത്ര നടന്നു വരുന്നത്. കട്ടപ്പന, മുണ്ടക്കയം, റാന്നി വഴി കിഴക്കൻ തീർത്ഥ യാത്രയും, കോന്നി, വകയാർ, വള്ളിക്കോട്, വാഴമുട്ടം വഴി തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല തീര്‍ഥയാത്രയും, തിരുവനന്തപുരം, കൊല്ലം, അടൂർ, കായംകുളം, എന്നിവിടങ്ങളിൽ നിന്നും തെക്കൻ മേഖല തീര്‍ഥയാത്രയും, ചെങ്ങന്നൂർ, മാന്തുക, മെഴുവേലി ഭാഗത്തു നിന്നും പടിഞ്ഞാറൻ മേഖല തീർത്ഥ യാത്രയും കബറിങ്കൽ എത്തി ചേരും. തീർത്ഥ യാത്രക്ക് ഒപ്പം മെത്രാപ്പോലീത്തമാരും, കുട്ടികളും, പ്രായം ഉള്ളവരും പങ്കുചേരുന്നുണ്ട്.
പത്തു ദിവസമായി ആരംഭിച്ച കാൽനട തീർത്ഥ യാത്രയാണ് ഇന്നു മഞ്ഞിനിക്കരയിൽ എത്തുന്നത്. കണ്ണൂരിലെ കേളകത്തുനിന്നുമാണ് ആദ്യം പദയാത്ര ആരംഭിച്ചത്. കേരളത്തിന് പുറത്തു ഡൽഹി, മുംബൈ, ചെന്നൈ, എന്നിവിടങ്ങളിൽ നിന്നും തിരിച്ച തീർത്ഥാടകർ ട്രെയിൻ മാർഗം റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും നടന്നു വരും. മഞ്ഞ കൊടികളും ബാവായുടെ ചിത്രം വെച്ച് അലങ്കരിച്ച നൂറു കണക്കിന് രഥങ്ങളും പദയാത്രയിൽ ഉണ്ടാകും. നോമ്പ് നോക്കിയാണ് തീർത്ഥാടകർ പദയാത്രയിൽ പങ്കെടുക്കുന്നത് .
നാളെ( വെള്ളി ) ഉച്ചക്ക് മൂന്നിന് ഓമല്ലൂർ കുരിശിങ്കൽ വെച്ച് മെത്രാപ്പോലീത്താമാരും മോർ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും, ഭാരവാഹികളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേൽക്കും. ദയറാ കവാടത്തിലും തീർത്ഥാടകരെ സ്വീകരിക്കും. നാളെ രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് മലബാർ ഭദ്രാസനത്തിന്‍റെ മോർ സ്‌തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും ഉണ്ടായിരിക്കും. വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്തായും (ഡമാസ്‌കസിലെ സെന്റ് അഫ്രേം സിറിയൻ ഓർത്തഡോക്‌സ് സെമിനാരി ഡയറക്ടർ), ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അദ്ധ്യക്ഷനായിരിക്കും. പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. അഖില മലങ്കര അടിസ്ഥാനത്തിൽ സണ്ടേസ്‌കൂളിൽ എറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് ത്രിതീയൻ ഗോൾഡ് മെഡൽ ദാനം പരിശുദ്ധ യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും തീർത്ഥാടകസംഘത്തിന്റെ അവാർഡുകൾ മേലൽകുരിശു ദയറാ തലവനായ മോർ ദീയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമൺ ഭദ്രാസനത്തിന്റെ അവാർഡുകൾ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ അവാർഡുകൾ മോർ കൂറിലോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായും വിതരണം ചെയ്യും.
ആന്റോ ആന്റണി എം. പി, വൈദിക ട്രസ്റ്റി സ്ലീബാ പോൾ കോറെപ്പിസ്‌കോപ്പാ വട്ടവേലിൽ, സഭാ ട്രസ്റ്റി കമാൻണ്ടർ സി. കെ. ഷാജി, ചൂണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോർജ്, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ തുടങ്ങിയവർ ആശംസകൾ പറയും . സമ്മേളനാനന്തരം തീർത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തിൽ മോറാന്റെ കബറിങ്കൽ അഖണ്ഡ പ്രാർത്ഥനയും ഉണ്ടായിരിക്കും.
11-ാം തീയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദയറാ കത്തീഡ്രലിൽ രാവിലെ 5.15 ന് പ്രഭാത പ്രാർത്ഥനയും, 5.45ന് മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (മെട്രോപ്പോലീത്തൻ ട്രസ്റ്റി) മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ മേഖല) മോർ ക്രിസ്‌തോഫോേറാസ് മർക്കോസ് മെത്രാപ്പോലീത്ത (പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി) എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, തുടർന്ന് 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി മോർ യാക്കൂബ് ബബാവിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും മോറാന്റെ കബറിങ്കലും മോർ യൂലിയോസ് ഏലിയാസ് ബാവാ, മോർ യൂലിയോസ് യാക്കൂബ്, മോർ ഒസ്ത്താത്തിയോസ് ബെന്യാമീൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാർത്ഥനയും 10.30ന് സമാപന റാസയും നേർച്ച വിളമ്പും നടത്തും.
വിവിധ സ്ഥലങ്ങളിൽ നിന്നും കെ. എസ്. ആർ. ടി.സിയുടെ പ്രത്യേക ബസ് സർവ്വീസുകൾ മഞ്ഞിനിക്കരയിലേയ്ക്ക് ക്രമീകരിച്ചിട്ടുണ്ട്. താത്കാലിക ഓപ്പറേറ്റിംഗ് സെന്ററും തുടങ്ങി. പത്തനംതിട്ട, കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, മുവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് ബസ് ഓടിക്കും . ദയറായ്ക്ക് സമീപമുള്ള പബ്ലിക്ക് ഹെൽത്ത് സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ആംബുലൻസ് സർവ്വീസും ഉണ്ട്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.