ന്യൂഡൽഹി : തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ വിഭ്രാന്തി പരത്തുന്ന കാര്യങ്ങള്‍ ചെയ്യുകയോ അരുതെന്ന് നേതാക്കളോട് അപേക്ഷിച്ച് ബിജെപി ഡൽഹി അധ്യക്ഷന്‍ മനോജ് തിവാരി. വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മനോജ് തിവാരി നേതാക്കളോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് തിവാരി നേതാക്കളോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനപ്പൂര്‍വ്വമായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മനോജ് തിവാരി അറിയിച്ചതായി ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ”പ്രതിഷേധത്തിനിടെ നടന്ന അക്രമസംഭവങ്ങള്‍ അസ്വസ്തമാക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സംസാരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. എന്നാല്‍ പ്രകടനത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അവകാശമില്ല. ” – പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച ഡൽഹിയിലെ മൗജ്പൂര്‍ ചൗക്കില്‍ സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസംഗം വിദ്വേഷപരമായിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം രാജ്യം മുഴുവന്‍ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് മനോജ് തിവാരിയുടെ അപേക്ഷ. മാത്രമല്ല കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ തിങ്കളാഴ്ച ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം കലാപത്തിലെത്തി നില്‍ക്കുകയാണ്. മൂന്ന് ദിവസമായി ഡൽഹി അതീവ സംഘര്‍ഷ മേഖലയായി തുടരുകയാണ്. 20 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.