തിരുവനന്തപുരം : കേരളീയമായ സാംസ്‌കാരിക ജീവിതത്തിന്റെ സ്പർശമുള്ള ഗാനങ്ങളിലൂടെ സഹൃദയമനസിൽ സ്ഥാനം നേടിയ ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുപതുകളിലും എൺപതുകളിലും നിരവധിയായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. 200 സിനിമകളിലായി എഴുന്നൂറോളം ഗാനങ്ങൾ എഴുതി. ലക്ഷാർച്ചനകണ്ട് മടങ്ങുമ്പോൾ, നാടൻപാട്ടിന്റെ മടിശ്ശീല തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ബാഹുബലി അടക്കമുള്ള അന്യഭാഷാ ചലച്ചിത്ര തിരക്കഥകളും സംഭാഷണവും മലയാളത്തിലാക്കുന്നതിലൂടെയും ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിയുടെ അനുശോചനം : പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയെ പ്രതിഫലിപ്പിക്കുന്ന ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളെ കീഴടക്കി. നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്,അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.