മന്നംകരച്ചിറ : കാവുംഭാഗം – മുത്തൂർ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിച്ചിട്ടും വീതികൂട്ടാത്ത മന്നംകരച്ചിറ പാലം യാത്രാദുരിതം തീർക്കുന്നു. 2021-ലെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ പുതിയപാലത്തിനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി തുകയുടെ 20 ശതമാനംപോലും വകയിരുത്താത്തതിനാൽ തുടർനടപടികളിലേക്ക് ഇതുവരെ പോയിട്ടില്ല. 2021-ലാണ് റോഡ് നവീകരണം പൂർത്തീകരിച്ചത്. 50 വർഷം പിന്നിട്ട പാലമാണ് മന്നംകരച്ചിറ. കൈവരികൾ പലയിടത്തായി വാഹനം ഇടിച്ച് പലവട്ടം തകർന്നു. താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി തലയൂരുകയാണപ്പോഴൊക്കെ.
പാലത്തിലേക്ക് കയറിവരുന്ന ഇരുഭാഗവും വളവാണ്. വടക്കുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ പാലത്തിലേക്ക് എത്തുമ്പോഴാണ് എതിരേ വരുന്ന വാഹനങ്ങൾ കാണാനാവുക. രണ്ട് ഇടത്തരം വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവില്ല. പാലത്തിൽവെച്ചുള്ള കൂട്ടയിടിയും ആവർത്തിക്കപ്പെടുന്നു. തോട്ടിൽ മാലിന്യവും പാലത്തിനുതാഴെയുള്ള മാർക്കറ്റ് കനാലിൽ പോളയും മാലിന്യവും അടിഞ്ഞിരിക്കുന്നത് നാട്ടുകാർക്ക് ദുരിതവുമായി. മഴക്കാലത്തും നീരൊഴുക്ക് നിലച്ച അവസ്ഥയാണ്. പാലത്തിൽനിന്ന് മാലിന്യം താഴേക്ക് വലിച്ചെറിയുന്നുണ്ട്. ക്യാമറ നിരീക്ഷണവുമില്ല.