ആലപ്പുഴ: മാന്നാര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്,ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ഫെബ്രുവരി 22ന് പുലര്‍ച്ചെയാണ് മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുളള ബിന്ദു ഫെബ്രുവരി 19ന് ബെല്‍റ്റിനുളളില്‍ പേസ്‌റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. കൊടുവളളി സ്വദേശി രാജേഷിനുളളതായിരുന്നു ഇത്. ഇവര്‍ക്ക് സ്വര്‍ണം എത്തിക്കാത്തതിനെ തുടര്‍ന്നാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.