മാന്നാര്‍ : മാന്നാര്‍ ബസ് സ്റ്റാന്‍ഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് സമീപം വെച്ച് ലോറി ഡ്രൈവറെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. മാന്നാര്‍ കുരട്ടിശ്ശേരി തോട്ടത്തില്‍ കിഴക്കേതില്‍ രാജീവ് (39), മാന്നാര്‍ വിഷവര്‍ശ്ശേരിക്കര പാലപ്പറമ്പില്‍ അഖില്‍ (28), മേല്‍പ്പാടം കല്ലുപുരക്കല്‍ ഹരിദത്ത് (ഡിക്സന്‍ 40), മാന്നാര്‍ കുട്ടമ്പേരൂര്‍ തോപ്പില്‍ കണ്ടത്തില്‍ സുരേഷ് കുമാര്‍ (51) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.
ഏപ്രില്‍ 21 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടംപേരൂര്‍ ശ്രീ നന്ദനം വീട്ടില്‍ ശ്രീനി (45) യാണ് മര്‍ദ്ദനത്തിനിരയായത്. സംഘത്തിന്റെ ആക്രമണത്തില്‍ ശ്രീനിയുടെ തലക്ക് മുറിവേല്‍ക്കുകയും, മൂക്കിന്റെ പാലത്തിന് പൊട്ടല്‍ സംഭവിക്കുകയും അരിവാള്‍ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ മുറിവും സംഭവിച്ചിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രീനി ആശുപത്രിയില്‍ ചികിത്സയിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായി കള്ള് ഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചു വരുത്തിയ ശേഷം പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് കേസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.