തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കടിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിശദമായ അന്വേഷണത്തിന് കോഴിക്കോട് നിന്നുളള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ സംഘത്തെ നിയോഗിച്ചു. മെയ് 27 നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ആനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കടിച്ചതിനെ തുടര്‍ന്ന് വായും നാക്കും വൃണപ്പെട്ട് കുറച്ച് ദിവസങ്ങളായി പട്ടിണി കിടന്നാണ് ഗര്‍ഭിണിയായിരുന്ന ആന മരണത്തിന് കീഴടങ്ങിയത്.
കാട്ടുപന്നിക്ക് ആരോ കെണിയായി വച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിളാണ് ആന കടിച്ചതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ശ്വാസ കോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പോസ്റ്റ് മോര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയാണെന്നറിഞ്ഞത്