റാന്നി : മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി ശബരിമല പാത ദേശീയ നിലവാരത്തിലെന്നാണെങ്കിലും ഇപ്പോഴെത്തെ നിലവാരം ഗ്രാമീണ റോഡിന് തുല്യം. തീർത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങൾ ബാക്കി നില്‍ക്കുമ്പോഴും പലയിടത്തും ദിശാബോർഡുകളും ക്രാഷ് ബാരിയറുകളും കാടുകയറിയ നിലയിൽ തന്നെ. ശബരിമലക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി പമ്പ റോഡിന്റെ ഭാഗമാണ് പ്ലാപ്പള്ളി വരെയുള്ള 32 കിലോമീറ്റർ ദൂരം. ഭരണിക്കാവിൽ ആരംഭിച്ച് മുണ്ടക്കയം വരെയുള്ള ദേശീയ പാത ഇതു വഴിയാണ് കടന്നു പോകുന്നത്. പൊതുമരാമത്തിന്റെ ചുമതലയിലാരുന്ന പത്തനംതിട്ട ഭാഗത്തെ റോഡ് ദേശീയ പാതയിൽ ഉൾപ്പെടുത്തിയപ്പോൾ ശാപമോക്ഷം പ്രതീക്ഷച്ചെങ്കിലും ഇപ്പോൾ ദുരവസ്ഥയിലാണ് റോഡിന്റെ പല ഭാഗങ്ങളും.
കഴിഞ്ഞ രണ്ടു വർഷം തീർത്ഥാടന കാലത്ത് തിരക്കു കുറവായതിനാലും വലിയ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. എന്നാൽ കോവിഡ് ഭീതി മാറി തീർത്ഥാടനം പഴയ നിലയിൽ എത്തിക്കാൻ സർക്കാർ ആഞ്ഞ് ശ്രമിക്കുമ്പോൾ പ്രധാന റോഡിന്‍റെ പലഭാഗവും ദുരിതത്തിലാണ്. മണ്ണാറക്കുളഞ്ഞി മുതൽ റോഡിന്‍റെ വലിയ കുഴികൾ അടച്ച് പാത സഞ്ചാരയോഗ്യമാക്കുന്നുണ്ടങ്കിലും ചെറിയ കുഴികൾ പല ഭാഗത്തും അവശേഷിക്കുകയാണ്. ശക്തിയായ മഴ പെയ്താൽ ചെറിയ കുഴികൾ വന്‍ ഗർത്തങ്ങളാകും. ദേശീയ ഹൈവേയുടെ പുനലൂർ വിഭാഗത്തിനാണ് മണ്ണാറക്കുളഞ്ഞി പ്ലാപ്പള്ളി റോഡിന്‍റെ ചുമതല.
അഞ്ചു വർഷം മുൻപാണ് ഉന്നത നിലവാരത്തിൽ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെ ടാറിംങ്ങ് നടത്തിയത്. സാധാരണ തീർത്ഥാടനത്തിനു മുൻപായി കുഴികൾ അടച്ച് മെയിന്റ്നസ് നടത്തുകയോ, ടാറിംങ്ങ് ജോലിയോ ചെയ്യുന്നതാണ്. ഈ പ്രാവിശ്യം ഇതു വൈകിയാണ് തുടങ്ങിയത്. കൂടാതെ വടശ്ശേരിക്കര മുതൽ റോഡിന്‍റെ ഇരുവശവും വളർന്ന കാടുകൾ മൂലം സൂചനാ ബോർഡും ക്രാഷ് ബാരിയറും കാണാനാവാത്ത നിലയിലാണ്. പുനലൂർ മൂവാറ്റുപുഴ റോഡിന്റെ പണി നടക്കുന്നതിനാൽ മൈലപ്ര മുതൽ റോഡ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്ന മേക്കൊഴൂർ വഴി മൂഴിയാർ ജംഗ്ഷനിലെത്തി വേണം വാഹനങ്ങൾ പോകേണ്ടത്. ഈ റോഡിൽ മണ്ണാറക്കുളഞ്ഞി മുതൽ റോഡിന്റെ ടാറിംങ്ങ് ഇളകി ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ചില സ്ഥലങ്ങളിൽ കുഴികളിൽ കുറച്ച് മെറ്റൽ നിരത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.