കോന്നി : സംസ്ഥാനത്ത് ലോക്ഡൌൺ ആണെങ്കിലും കോന്നി ആനത്താവളത്തിലും മറ്റിതര കന്നുകാലി ഫാമുകളിലേക്കും വനംവകുപ്പിന്റെ അധീനതയിൽ മണ്ണീറ തീറ്റപ്പുൽകൃഷി കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്യുന്ന തീറ്റപ്പുല്ലിന് യാതൊരു കുറവും വന്നിട്ടില്ല.
മണ്ണീറ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാനനശ്രീ, വനജ്യോതി എന്നീ സ്വയം തൊഴിൽ സംഘങ്ങളാണ് മണ്ണീറ തീറ്റപ്പുൽകൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. 2013ലാണ് മണ്ണീറ തീറ്റപ്പുൽ കൃഷി ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. രണ്ടാം ഘട്ടം 2017ലും ആരംഭിച്ചു. പതിമൂന്ന് ഹെക്ടറിലേറെ ഭൂമിയിലാണ് തീറ്റപ്പുൽ കൃഷി വ്യാപിച്ച് കിടക്കുന്നത്. വനജ്യോതി സ്വാശ്രയ സംഘത്തിൽ പതിനാറ് അംഗങ്ങളും കാനനശ്രീയിൽ പതിനേഴ് അംഗങ്ങളും ജോലി ചെയ്ത് വരുന്നു. കോന്നി ആനത്താവളത്തിലേക്കും, ഈരാറ്റുപേട്ട, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ആനകൾക്കായും തീറ്റപ്പുല്ല് ഇവിടെനിന്നും കയറ്റി അയക്കുന്നുണ്ട്. കൂടാതെ ജില്ലക്ക് അകത്തും പുറത്തുമുള്ള നിരവധി ഫാമുകളിലേക്കും പുല്ല് കയറ്റി അയയ്ക്കുന്നുണ്ട്.
പാകമായ പുല്ലുകൾ വെട്ടി കെട്ടുകളാക്കി തൂക്കിയാണ് അംഗങ്ങൾ തന്നെ വാഹനങ്ങളിൽ കയറ്റി അയയ്ക്കുന്നത്. ഒരു കിലോയ്ക്ക് നാലര രൂപ നിരക്കിലാണ് പുല്ല് വിൽക്കുന്നത്. കൃഷി ചെയ്യുന്ന പുല്ല് നാൽപ്പത്തിയഞ്ച് ദിവസം പ്രായമാകുമ്പോൾ വിളവെടുക്കാം. ശരിയായ രീതിയിൽ വെള്ളവും വളവും ലഭിച്ചാൽ ഇത് തഴച്ച് വളരുകയും ചെയ്യും. രണ്ട് രൂപ നിരക്കിൽ നടീലിന് ആവശ്യമായ പുല്ലിന്റെ സ്റ്റമ്പുകളും ഇവിടെ വിൽക്കുന്നുണ്ട്. ഒരു കിലോയ്ക്ക് ഒന്നര രൂപയാണ് അംഗങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന ജോലികൾ വൈകുന്നേരം അഞ്ച് മണിക്കാണ് അവസാനിക്കുക. തീറ്റപ്പുല്ലിനോടൊപ്പംതന്നെ നെല്ലി, മാവ്, കരിമ്പ് തുടങ്ങിയവയും ഇവിടെ വളരുന്നുണ്ട്.