കണ്ണൂര്‍ : മന്‍സൂര്‍ വധക്കേസില്‍ പ്രതി രതീഷിന്റെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്. രതീഷ് മരിക്കുന്നതിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളോ മര്‍ദ്ദനമോ ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുക. മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗിനെ കൂടാതെ മറ്റു രണ്ട് പ്രതികള്‍ കൂടി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.
ഇതുവരെ നടത്തിയ പരിശോധനയില്‍ രതീഷിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ ചിലത് ലഭിച്ചിട്ടുണ്ട്. മരണത്തിന് അല്‍പ്പ സമയത്തിനു മുന്‍പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്കു പരിക്കേറ്റത്. ഇവയ്ക്കു പുറമേ മുഖത്തും പരിക്കേറ്റിരുന്നു. ഇവ ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളാണോ എന്നതാണ് പോലീസിന്റെ സംശയം.
മന്‍സൂര്‍ വധക്കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും മൂന്നാം പ്രതി സംഗീത്, അഞ്ചാം പ്രതി സുഹൈല്‍ എന്നിവര്‍ ഒന്നിച്ചാണ് ഒളിവില്‍ താമസിച്ചതെന്ന് വിവരം ലഭിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകും എന്നും പോലീസ് വ്യക്തമാക്കുന്നു.