ഷാര്‍ജ : ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ എഡ്യൂക്കേഷന്റെ 2021ലെ വേള്‍ഡ് എജുക്കേഷന്‍ ഐക്കണ്‍ അവാര്‍ഡിന് മനു വര്‍ഗീസ് കുളത്തുങ്കല്‍ അര്‍ഹനായി. അന്താരാഷ്ട്രതലത്തില്‍ വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങള്‍ക്ക് വിദ്യാഭ്യാസ വിദഗ്ധര്‍ക്കും പ്രൊഫഷണലുകള്‍ക്കും നല്‍കുന്ന അവാര്‍ഡാണിത്.
കോവിഡ് കാലഘട്ടത്തില്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള സംഘടനകളില്‍ നിന്നും അറുപതിലധികം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്തു സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനാണ് മനു കുളത്തുങ്കലിനു അവാര്‍ഡ് ലഭിച്ചത്. ‘ഐക്കണിക് യങ് അച്ചീവര്‍’ വിഭാഗത്തിലാണ് ആണ് അവാര്‍ഡ്. സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്.
പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ ഇദ്ദേഹം നേരത്തെ ഗോള്‍ഡന്‍ ബുക്‌സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 പേര്‍ പല വിഭാഗങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായി.കോവിഡ് കാരണം ഇത്തവണ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
1000 ലധികം അപേക്ഷകരില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ പ്രമീള ആന്‍ഡേഴ്‌സണ്‍( സീനിയര്‍ ലക്ചറര്‍ സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റി, സ്വീഡന്‍) ഡോ. കുല്‍ദീപ് അഗര്‍വാള്‍ മുന്‍ ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ , ഇന്ത്യ) എന്നിവര്‍ പറഞ്ഞു.
അവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് മുന്നോടിയായി നടന്ന ഏകദിന ശില്‍പ്പശാലയില്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളിലെ വിദ്യാഭ്യാസ വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.
‘സുസ്ഥിര വികസനത്തിനായുള്ള വിദ്യാഭ്യാസം: ഭാവി അതിജീവനത്തിനായി മാറാന്‍ പഠിക്കുക ‘ എന്ന ഈ വര്‍ഷത്തെ പ്രധാന വിഷയത്തില്‍ ഡോ. ഷെപ്പേര്‍ഡ് ഉറെന്‍ജെ, (യുനെസ്‌കോ പ്രോഗ്രാം കോര്‍ഡിനേറ്ററും, സ്‌പെഷ്യലിസ്റ്റ് – പരിസ്ഥിതിയും സുസ്ഥിര വികസനം, ഉപ്‌സാല സര്‍വകലാശാല ,സ്വീഡന്‍) മുഖ്യപ്രഭാഷണം നടത്തി.
യു.എ.ഇയിലെ സ്വകാര്യ കമ്പനിയില്‍ ലോജിസ്റ്റിക്‌സ് വിഭാഗത്തിലാണ് മനു കുളത്തുങ്കല്‍ ജോലി ചെയ്യുന്നത്. ഭാര്യ : ജിഷ മനു ( മെഡിക്കല്‍ ഇന്‍ഷുറന്‍സ് സൂപ്പര്‍വൈസര്‍) മക്കള്‍ :ഡാരന്‍, ഡാന്