പാലക്കാട് : പാസില്ലാതെ വരുന്നവരെ സംസ്ഥാന അതിർത്തികളിൽ കടത്തിവിടില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും അതിർത്തിയിൽ ഇത്തരത്തിലുള്ളവർ എത്തുകയാണ്. വാളയാർ അതിർത്തിയിൽ ഇതുവരെ 10 പേരാണ് പാസില്ലാതെ എത്തിയത്. ചെന്നൈയിൽ നിന്ന് പാസുള്ള സംഘത്തോടൊപ്പം എത്തിയവരാണിവർ. ഇവർ അതിർത്തിക്ക് അപ്പുറത്ത് കാത്തിരിക്കുകയാണ്. ഇവരെ അതിർത്തി കടത്തിവിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വാളയാർ ചെക്ക്പോസ്റ്റിൽ തിരക്ക് കുറവാണ്. ഇന്ന് മുതൽ കൃത്യമായ തീയതിയും സമയവും ഉൾപ്പെട്ട സർക്കാരിന്റെ യാത്ര പാസില്ലാത്തവർക്ക് വാളയാർ അതിർത്തി കടക്കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതിർത്തിയിൽ എത്തിയ ശേഷം പാസ് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരളത്തിന്റെ യാത്രാ പാസില്ലാത്തവരെ മറ്റ് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലകളിൽ നിന്ന് തടയും.
അതേസമയം വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഇന്ന് പാസില്ലാതെ എത്തിയ രണ്ട് പേരെ അധികൃതർ തിരിച്ചയച്ചു. പാസില്ലാതെ വരുന്നവർ തീരെ കുറഞ്ഞെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുത്തങ്ങ അതിർത്തിയിൽ ഇന്ന് മുതൽ 10 കൗണ്ടറുകൾ കൂടി അധികം പ്രവർത്തിക്കും. 1000 പേരെ വരെ ഒരു ദിവസം കടത്തിവിടും. തലപ്പാടി അതിർത്തിയിലും പാസില്ലാതെ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. പാസില്ലാതെ എട്ട് പേർ മാത്രമാണ് അതിർത്തിയിൽ ഇന്ന് എത്തിയത്.