റായ്പൂർ : ഛത്തിസ്ഗഢിൽ ബി.ജെ.പി നേതാവിനെ മാവോവാദികൾ കൊലപ്പെടുത്തി. ബിജാപൂരിലെ ബി.ജെ.പി നേതാവും ജൻപഥ് പഞ്ചായത്ത് അംഗവുമായ ത്രിപാഠി കട്‌ലയാണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ടോയ്‌നാരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തിരിച്ചതായിരുന്നു കട്‌ല. ഇതിനിടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം മാവോസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
രണ്ടു വർഷത്തിനിടെ ചത്തിസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്ന എട്ടാമത്തെ ബി.ജെ.പി നേതാവാണ് ത്രിപാഠി കട്‌ല. സഹകരണ വികസന സംഘം കോഡിനേറ്റർ കൂടിയായിരുന്നു കട്‌ല. ചത്തിസ്ഗഢ് ആഭ്യന്തര മന്ത്രി വിജയ് ശർമയുടെ നേതൃത്വത്തിൽ മാവോ സംഘവുമായി സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെയാണു പുതിയ സംഭവമെന്നതും ശ്രദ്ധേയമാണ്.