വയനാട് : ബാണാസുര മലയിലെ വെളളാരംകുന്നില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവയ്പ്പില്‍ മാവോയിസ്റ്റ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണങ്ങള്‍ ഉയരവെ നിഷേധിച്ച് പോലീസ്. മാവോവാദികളുമായി ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും ഏകപക്ഷീയമാണെന്നത് വെറും ആരോപണമാണെന്നും വയനാട് എസ്പി ജി പൂങ്കുഴലി പറഞ്ഞു. മാവോയിസ്റ്റുകളുമായി അങ്ങോട്ടുമിങ്ങോട്ടും വെടിവെയ്പ്പുണ്ടായി. ഏറ്റമുട്ടലിനിടയില്‍ കൂടുതല്‍ പരിക്കേറ്റതാകാം വേല്‍മുരുകന്റെ മരണത്തിന് കാരണം. ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും എസ്പി വിശദമാക്കി.
ഏറ്റുമുട്ടലില്‍ മറ്റാര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന് വ്യക്തമല്ല. സംഭവസ്ഥലത്തുനിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സംഘത്തിലെ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമാകൂ. പരിക്കേറ്റ് സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ വിവരം നല്‍കണമെന്ന് കാണിച്ച് സമീപ ജില്ലകളിലെ എല്ലാ പോലീസ് മേധാവികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളായ കോയമ്പത്തൂര്‍, ഊട്ടി മൈസൂര്‍ തുടങ്ങി എല്ലായിടത്തും സന്ദേശം കൈമാറിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ കഴിഞ്ഞ് മൂന്നുമണിക്കൂറോളം നടത്തിയ പരിശോധനയിലാണ് വേല്‍മുരുകന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകും. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക്, സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വയനാട്ടില്‍ വേല്‍മുരുകനെതിരെ ഏഴ് കേസുകളുണ്ടെന്നും ഇതെല്ലാം യുഎപിഎ കേസുകളാണെന്നും എസ്പി പറഞ്ഞു. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ മോഷ്ടിക്കുകയും ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് വേല്‍മുരുകന്‍. തമിഴ്‌നാട്ടിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2015ല്‍ ഭരണകൂടം രണ്ടുലക്ഷം പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷമായി ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നയാളാണ് വേല്‍മുരുകന്‍.
വേല്‍മുരുകന്റെ മൃതദേഹത്തില്‍ വെടിയുണ്ടയേറ്റ ഒന്നില്‍ അധികം മുറിവുകള്‍ ഉണ്ടെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും മൃതദേഹം കണ്ടശേഷം ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയ ശേഷമാണ് മൃതദേഹം കാണാനുളള അനുമതി ലഭിച്ചത്. നേരത്തെ പോസ്‌റ്റുമോര്‍ട്ടം തീരുമാനിച്ചിരുന്നെങ്കിലും നിവദേനത്തെ തുടര്‍ന്ന് പോലീസ് തുടര്‍നടപടികള്‍ നീട്ടിവെക്കുകയായിരുന്നു. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് വേല്‍മുരുകന്റെ ബന്ധുക്കളുടെ തീരുമാനം. മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പോലീസിനെതിരെ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് രംഗത്തെത്തി. ഏറ്റുമുട്ടലിനിടയായ സാഹചര്യത്തിന്റെ യഥാര്‍ത്ഥ വസ്തുത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.