ദില്ലി: ഛത്തീസ്ഗലെല്‍ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണം. 10 സുരക്ഷാ ഉദ്യോഗസ്ഥരും അവര്‍ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവര്‍ക്കും വീരമൃത്യു വരിച്ചു. ദന്തേവാഡയിലെ അരണ്‍പൂര്‍ മേഖലയിലാണ് സംഭവം. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) സേന സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ ഐഇഡി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അപലപിച്ചു. ആക്രമണത്തിന് പിന്നിലെ നക്‌സലൈറ്റുകളെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളും ജവാന്‍മാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. പ്രദേശത്ത് സൈന്യം മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെ ഡിആര്‍ജി സേനയുടെ വാഹനത്തിന് നേരെ മാവോയിസ്റ്റുകള്‍ ഐഇഡി ആക്രമം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.