തലശ്ശേരി : ക്രൈസ്തവരെന്ന ഒറ്റക്കാരണത്താൽ ഈ മതത്തിലെ ദളിതർക്കുള്ള അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് തലശ്ശേരി അതിരൂപത ബിഷപ്പ് മാർ. ഡോ. ജോസഫ് പാംപ്ലാനി പറഞ്ഞു. ഇത് ഭരണഘടനാ ലംഘനവും പൗരസ്വാതന്ത്ര്യത്തിന് വിലങ്ങിടലുമാണ്. ക്രൈസ്തവ ദളിതർക്ക് ആനുകൂല്യം നൽകിയാൽ എല്ലാവരും ക്രിസ്തുമതത്തിൽ ചേരുമെന്ന വാദമാണ് ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആനുകൂല്യം ചിലർമാത്രം കൈയടക്കിവയ്ക്കുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയപ്പാർട്ടിക്കാരും ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 21 ക്രൈസ്തവപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അവകാശസംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ജാഥാലീഡറും സംഘടനയുടെ സംസ്ഥാന ജന. സെക്രട്ടറിയുമായ അഡ്വ. പ്രകാശ് പി.തോമസ് ബിഷപ്പിൽനിന്ന് പതാക ഏറ്റുവാങ്ങി. സംസ്ഥാന ഖജാൻജി റവ. എൽ.ടി.പവിത്രസിങ് അധ്യക്ഷത വഹിച്ചു. റോയി ജോസഫ്, ജാഥാ കോ ഓർഡിനേറ്റർ റവ. എ.ആർ.നോബിൾ, റവ. കെ.പി.എബിൻ, റവ. ജോയി റോബിൻസൺ, റവ. സജിത് ദാസ്, റവ. ബിനു സി.ജോൺ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് സി.എസ്.ഐ. ചർച്ചിനു മുന്നിൽനിന്ന് തുടങ്ങിയ ജാഥയുടെ ആദ്യ ദിവസത്തെ പര്യടനം കണ്ണൂർ കേളകത്ത് സമാപിച്ചു. വിവിധ ജില്ലകളിൽ 20 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ഫെബ്രുവരി മൂന്നിന് സെക്രട്ടേറിയറ്റിനുമുന്നിൽ ജാഥ സമാപിക്കും.