കൊച്ചി : സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്‌ളാറ്റിലെ ഉടമകള്‍ക്ക് 91 കോടി രൂപ തിരിച്ചുനല്‍കി. 2020 ജനുവരിയിലാണ് ഈ ഫ്‌ളാറ്റ് ഇടിച്ചുനിരത്തിയത്. ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കിയ 120 കോടി രൂപയില്‍ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനല്‍കിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്നത്. പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള 272 ഫ്‌ളാറ്റുകളില്‍ 110 ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് അവര്‍ കെട്ടിട നിര്‍മ്മാതാവിന് നല്‍കിയ പണം പൂര്‍ണമായും തിരിച്ചുലഭിച്ചതായും ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചു.
ഗോള്‍ഡന്‍ കായലോരം (37 ഫ്ളാറ്റുകള്‍), ജെയിന്‍ കോറല്‍ കോവ് (73 ഫ്ളാറ്റുകള്‍) എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകളുടെ ആദ്യ ഉടമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ തുക പൂര്‍ണമായി തിരിച്ചു നല്‍കിക്കഴിഞ്ഞു. യഥാക്രമം 13.37 കോടിയും 32.16 കോടിയുമാണ് ഇങ്ങനെ തിരികെ നല്‍കിയത്.
ആല്‍ഫ സെറിന്‍ എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ (76 ഫ്‌ളാറ്റുകള്‍) ഉടമകള്‍ക്ക് ഫ്ളാറ്റുകളുടെ ആദ്യത്തെ ഉടമകള്‍ നല്‍കിയ 32.10 കോടി രൂപയില്‍ 25.63 കോടി രൂപ തിരികെ ലഭിച്ചിട്ടുണ്ട്. ഇതില്‍ 17.50 കോടി രൂപ കേരള സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയതും, ബാക്കി 8.13 കോടി രൂപ ആല്‍ഫാ വെഞ്ചേഴ്സ് കമ്പനിയില്‍ നിന്നും പിരിച്ച് ഫ്ളാറ്റുടമകള്‍ക്ക് കമ്മിറ്റി നല്‍കിയിട്ടുള്ളതുമാണ്. ബാക്കി തുകയായ 6.47 കോടി രൂപ കെട്ടിട നിര്‍മ്മാതാവില്‍ നിന്നും പിരിക്കുന്നതിന് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ കമ്പനിയുടെ തന്നെ ഉടമസ്ഥതയില്‍ വല്ലാര്‍പാടത്ത് സ്ഥിതിചെയ്യുന്ന ആല്‍ഫാ ഹൊറൈസണ്‍ എന്ന കെട്ടിടത്തില്‍ ഓഫീസുകള്‍ക്ക് ഉള്ള സ്ഥലം വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തീകരിക്കുവാനാകും എന്ന് കരുതുന്നു.
ഈ മൂന്ന് കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും വീണ്ടെടുത്ത് ഫല്‍റ്റുടമകള്‍ക്ക് കമ്മിറ്റി നല്‍കിയ മൊത്തം തുക 28.41 കോടി രൂപയാണ്. ഇടക്കാല നഷ്ടപരിഹാരമായി കേരള സര്‍ക്കാര്‍ നല്‍കിയ 62.75 കോടി രൂപയ്ക്ക് പുറമെയാണിത്.
നാലാമത്തെ കെട്ടിട നിര്‍മ്മാതാവായ ഹോളിഫെയ്ത്ത് ബില്‍ഡേഴ്സ് തുകയൊന്നും തന്നെ അടച്ചിട്ടില്ല. കേരള സര്‍ക്കാരിന് നല്‍കേണ്ട 29 കോടി രൂപയും, ഫ്ളാറ്റുടമകള്‍ക്ക് നല്‍കേണ്ട 22.15 കോടി രൂപയും ഉള്‍പ്പെടെ 42.15 കോടി രൂപയാണ് ഈ നിര്‍മ്മാതാവ് അടക്കുവാനുള്ളത്. ഹോളിഫെയ്ത്ത് 86 ഫ്ളാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ ഇടക്കാല നഷ്ട പരിഹാരമായി നല്‍കിയ 20 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ കെട്ടിട നിര്‍മ്മാതാവില്‍ നിന്നും റവന്യൂ റിക്കവറിയിലൂടെ പരമാവധി തുക തിരിച്ചുപിടിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ എറണാകുളം ജില്ലാ കലക്ടറോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ഈ കെട്ടിട നിര്‍മ്മാതാവിന്റെ അസ്സല്‍ ആസ്തി 7.62 കോടി രൂപ മാത്രമാണ്. നവംബര്‍ 10ന് ഈ കേസില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയില്‍, റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക്, റിട്ടയേര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍.മുരുകേശന്‍ എന്നിവര്‍ അംഗങ്ങളാണ്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എസ്.വിജയകുമാര്‍ ആണ് കമ്മിറ്റിയുടെ സെക്രട്ടറി.