കൊച്ചി : മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അതൃപ്തി അറിയിച്ച് ഹരിത ട്രൈബ്യൂണൽ. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. കോൺക്രീറ്റ് നീക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന മലിന ജലം കായലിലേക്ക് ഒഴുക്കുന്നു. മാലിന്യങ്ങൾ നീക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയ സ്ഥലത്തേക്കല്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻ റവന്യൂ വകുപ്പിനും പോലീസിനും ഹരിത ട്രൈബ്യൂണൽ നിർദ്ദേശം നൽകി.
കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിലം നികത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. അദ്ദേഹം അൽപ്പസമയത്തിനകം മരട് സന്ദർശിക്കും. അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രൈബ്യൂണൽ നേരത്തെയും വിമര്‍ശിച്ചിരുന്നു. ചട്ടപ്രകാരമാണ് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താൻ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.