കൊച്ചി : കൊച്ചിയിലെ മരടില്‍ തീരദേശ നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസിലെ കോടതിയലക്ഷ്യ ഹർജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് നാലാഴ്ചത്തെ സമയം നല്‍കി സുപ്രീംകോടതി. ഈ സമയത്തിനകം ചീഫ് സെക്രട്ടറി മറുപടി നല്‍കണം. മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹർജിയിലാണ് നോട്ടീസ്.
തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് നിര്‍മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിനെ തുടര്‍ന്നുള്ള കോടതിയലക്ഷ്യ ഹർജിയില്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പുതിയ ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ത്താണ് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം നല്‍കിയത്. ജയിന്‍ ഹൗസിംഗിന്റെ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. വില നിശ്ചയിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം.