കോഴഞ്ചേരി : മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചുള്ള സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെ നടക്കുന്ന കണ്‍വന്‍ഷനോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. വകുപ്പുതല ഏകോപനം മികച്ച നിലയില്‍ സാധ്യമായിട്ടുണ്ടെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. ഇത്തവണ ആദ്യമായി തഹസില്‍ദാര്‍ തസ്തികയിലുള്ള സ്‌പെഷല്‍ ഓഫീസറെ നിയമിച്ചതാണ് ഇതിനു കാരണം. സമ്മേളന നഗരിയിലെ ക്രമീകരണങ്ങളും പ്രശ്‌നങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറിലൂടെ കഴിയും. പൂര്‍ണമായി ഹരിതചട്ടം പാലിച്ചായിരിക്കും കണ്‍വന്‍ഷന്‍ നടത്തുകയെന്നും എംഎല്‍എ പറഞ്ഞു.
കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്തു നിരത്ത് വിഭാഗം തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. സമ്മേളന നഗരിയില്‍ രണ്ട് ആര്‍ഒ യൂണിറ്റുകളും 12 വാട്ടര്‍ കിയോസ്കകളും, മൂന്നു ഡിസ്‌പെന്‍സറുകളും സ്ഥാപിക്കും.
ആരോഗ്യ വകുപ്പ് താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ഹരിത കര്‍മസേനയെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകള്‍ വിവിധ ക്രമീകരണങ്ങള്‍ ഒരുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, വഴിവിളക്കുകള്‍ എന്നിവയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. ദിവസേന നാല് തവണ റോഡ് നനയ്ക്കും. കണ്‍വന്‍ഷന്‍ കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കും.
കണ്‍വന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും കെഎസ്ഇബി തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കും. പമ്പ ഇറിഗേഷന്‍ വിഭാഗം മണിയാര്‍ ഡാമില്‍ നിന്നുള്ള ജലനിര്‍ഗമനം നിയന്ത്രിക്കും. കണ്‍വന്‍ഷന്‍ നഗറിലെ താത്ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് നദിയിലെ ജലനിരപ്പ് ആവശ്യമെങ്കില്‍ ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലെ പന്തലിന്റെയും സ്റ്റേജിന്റെയും ഫിറ്റ്‌നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് സാക്ഷ്യപത്രം കണ്‍വന്‍ഷന്‍ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പ് നല്‍കും.
കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കുള്ള നടപടികള്‍ക്കായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 200 പോലീസുകാരെ നിയോഗിക്കും. മുന്‍വര്‍ഷങ്ങളിലേതുപോലെ അഗ്‌നിശമനസേനയുടെ സേവനം ഉറപ്പുവരുത്തും. പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ എന്നീ കെഎസ്ആര്‍ടിസി സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ താല്‍ക്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറക്കും. പട്രോളിംഗ് ശക്തമാക്കും. പന്തലിലെ താല്‍ക്കാലിക വൈദ്യുതീകരണ ജോലികള്‍ പരിശോധിച്ചു കണ്‍വന്‍ഷന് മൂന്നു ദിവസം മുന്‍പായി സാക്ഷ്യപത്രം നല്‍കും. മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിമാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
രാജു എബ്രഹാം എം എല്‍ എ, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം അലക്‌സ്.പി.തോമസ്, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ ഫിലിപ്പ്, സ്‌പെഷല്‍ ഓഫീസര്‍ അന്നമ്മ സി ജോളി, ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി റെജികുമാര്‍, ചീഫ് എഞ്ചിനീയര്‍ ഷംസുദീന്‍, മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ ജോര്‍ജ് എബ്രഹാം, സഭാ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ്, കറസ്‌പോണ്ടിംഗ് സെക്രട്ടറി സി വി വര്‍ഗീസ്, ട്രാവലിംഗ് സെക്രട്ടറി റവ. സാമുവേല്‍ സന്തോഷം, ട്രഷറര്‍ അനില്‍ മാരാമണ്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.