മുംബൈ : മറാത്താ സംവരണത്തിൽ മഹാരാഷ്ട്രയിൽ പ്രതിഷേധം ശക്തം. മഹാരാഷ്ട്ര മന്ത്രി ഹസൻ മുഷ്‌രിഫിന്റെ കാർ പ്രതിഷേധക്കാർ അടിച്ചു തകർത്തു. മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ കർണാടക നിർത്തി. സംഘർഷത്തെ തുടർന്ന് ജൽനയിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്ന് സർവകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്. യോഗത്തിൽ സർക്കാരിന്റെ തുടർനടപടികൾ ചർച്ച ചെയ്യും. അതേഅസമയം മന്ത്രിയുടെ കാർ അടിച്ചു തകർത്തതിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏകനാഥ് ഷിൻഡെ സർവകക്ഷിയോഗത്തിനായി മുംബൈയിലെ ഷായാദ്രി ഗസ്റ്റ് ഹൗസിൽ എത്തി.
സർക്കാരിന്റെ സർവ്വകക്ഷി യോഗത്തിലേക്ക് ശിവസേന എംപിമാരെയും എംഎൽഎമാരെയും ക്ഷണിച്ചിട്ടില്ലെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. എംഎൽഎമാരുടെ വീടുകൾ കത്തിക്കുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. വിഷയത്തിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ചർച്ച നടത്തണമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. മറാത്താ സംവരണം ആവശ്യപ്പെട്ട് മറാത്താ സമുദായ നേതാവായ മനോജ് ജാരങ്കെ പാട്ടീൽ ആരംഭിച്ച സമരം സംസ്ഥാനം മുഴുവനായി വ്യാപിക്കുകയായിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ഉയർന്ന പ്രതിഷേധം ഷിൻഡെ സർക്കാരിന് വലിയ തലവേദനയുണ്ടാക്കിയിട്ടുണ്ട്.