ചിറ്റാർ : കർഷകസംഘം തണ്ണിത്തോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണീറയിൽ കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കർഷക സംഘം കേന്ദ്ര കമ്മിറ്റയംഗം അഡ്വ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളിൽ നിന്നും മനുഷ്യ ജീവനും കൃഷിക്കും സംരക്ഷണം നൽകണമെന്നും കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം.
വന്യമൃഗങ്ങളിൽ നിന്നുള്ള ആക്രമണവും കൃഷിനാശവും തണ്ണിത്തോട് മേഖലയില്‍ രൂക്ഷമാണ്. നിരവധി പരാതികള്‍ നല്‍കിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
ജോർജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ പത്മകുമാർ, ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള, ഏരിയാ സെക്രട്ടറി എൻ ലാലാജി, പ്രവീൺ പ്രസാദ്, ലാൽകുമാർ, ടി കെ സോമരാജൻ, റ്റിജോ തോമസ്, പി എം ചെറിയാൻ, ജോർജ്കുട്ടി, ജോസഫ് അലക്സാണ്ടർ, ജോൺ വർഗ്ഗീസ്, സ്റ്റാലിൻ ഫെർണാണ്ടസ്, എസ് ഉല്ലാസ് എന്നിവർ സംസാരിച്ചു.
പ്രതിഷേധ സമരത്തെ തുടര്‍ന്ന് വനം വകുപ്പ് ജിവനക്കാർ കൃഷി നാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു. പ്രവർത്തനം നിലച്ച സോളാർ വേലി അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കാമെന്നും പ്രദേശത്തെ വന സംരക്ഷണ സമിതിയെ കൂടി ഉൾപ്പെടുത്തി സോളാർ വേലിക്കുണ്ടാകുന്ന കേടുപാടുകള്‍ സമയാസമയങ്ങളില്‍ തീര്‍ക്കാമെന്നും വനപാലകര്‍ ഉറപ്പുനല്‍കി. സോളാർ വേലി സ്ഥാപിക്കാത്ത മണ്ണീറ തലമാനം മുതൽ തെക്കേകര വരെ സോളാർ വേലി ഉടന്‍ സ്ഥാപിക്കുമെന്നും അതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വനപാലകര്‍ പറഞ്ഞു.