ഇസ്‌ലാമാബാദ് : നിലവിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ പാർട്ടി അനുയായികൾ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 80 പോലീസുകാർക്കു പരുക്കേറ്റു. തടവിലായ ഇമ്രാൻഖാന്റെ മോചനം ആവശ്യപ്പെട്ട്, മാർച്ച് ആരംഭിച്ചത് അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് ഭരിക്കുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽനിന്നാണ്. മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം മാർച്ചിൽ പൊലീസിനു നേരെ വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു എന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ആരോപിച്ചു. ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം ശക്തമായതോടെ അധികൃതർ ഇസ്‌ലാമാബാദ്, ലഹോർ അതിർത്തികൾ അടയ്ക്കുകയും, പ്രദേശത്ത് മൊബൈൽ ഫോൺ സർവീസ് തടയുകയും ചെയ്തു. അലി അമിൻ ഗണ്ഡപുരിനെ അറസ്റ്റ് ചെയ്തു. 700 ൽ ഏറെ പാർട്ടി പ്രവർത്തകരും അറസ്റ്റിലായി. ലഹോർ ഹൈക്കോടതിക്കു പുറത്ത് പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ലാത്തിച്ചാർജ് ഉണ്ടായി.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയുൾപ്പെടെ ഒട്ടേറെ രാജ്യാന്തര യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ ഇസ്‌ലാമാബാദിലും ലഹോറിലും സുരക്ഷ ശക്തമാക്കിയിരിക്കയാണ്. പോലീസ് സഹായത്തിനായി കരസേനയെയും വിന്യസിച്ചിട്ടുണ്ട്. നയതന്ത്രപ്രതിനിധികളും വിദേശ എംബസികളും തങ്ങുന്ന റെഡ്സോണിൽ കടന്നുകയറാനായിരുന്നു പ്രതിഷേധക്കാരുടെ നീക്കമെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു.റാവൽപിണ്ടിയിലെ ജയിലിൽ ഒരു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരമായിരുന്നു ഈ പ്രതിഷേധം.