ദില്ലി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വര്‍ദ്ധനയുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും നിര്‍മലാ സീതാരാമന്‍.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി വഴിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം കൂടിയതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞതോടെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നു. ‘നുണ, നുണ’ എന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. എന്നാല്‍ തന്റെ കയ്യില്‍ ഇതിന് കണക്കുണ്ട് എന്നാണ് നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള കാര്യത്തില്‍ രാഷ്ട്രീയം കളിക്കരുത് എന്നും നിര്‍മലാ സീതാരാമന്‍ മുന്നറിയിപ്പ് നല്‍കി. എലമെന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെന്ന് നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. 93.82 ശതമാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം. ആണ്‍കുട്ടികളില്‍ ഇത് 89.28 ശതമാനം മാത്രമേയുള്ളൂ. സെക്കന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 81.32 ആണെങ്കില്‍, ആണ്‍കുട്ടികളുടേത് 78 ശതമാനം മാത്രമാണ്. ഹയര്‍ സെക്കന്ററി ലെവലില്‍ 59.70 ശതമാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം. ആണ്‍കുട്ടികളുടേത് 57.54 ശതമാനം മാത്രം.
എന്നാല്‍ ഇതിന് കാരണം ബേട്ടി ബച്ചാവോ പദ്ധതിയാണെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം തുടര്‍ന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും അതിനാലാണ് ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകരുടെ പക്കല്‍ സ്മാര്‍ട്ട് ഫോണുകളുണ്ടെന്ന് ഉറപ്പാക്കിയത്. പത്ത് കോടി വീടുകളിലെ കുട്ടികളുടെ ആരോഗ്യവിവരങ്ങളും പോഷകാരോഗ്യവിവരങ്ങളും ഇത് വഴി കേന്ദ്രമന്ത്രാലയത്തിന് നേരിട്ട് ലഭിക്കുന്നു. ഇത് വന്‍ നേട്ടമാണെന്നും ധനമന്ത്രി. ഇതിന് ശേഷമാണ് മാതൃമരണ നിരക്ക് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കിയത്. 1978ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. സമിതി ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യവും പോഷകാരോഗ്യവും ഉറപ്പുവരുത്താന്‍ 35600 കോടി വകയിരുത്തുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 28600 കോടി രൂപ വനിതാക്ഷേമത്തിനും വകയിരുത്തി.