മുസാഫര്‍പൂര്‍ : ബിഹാറിലെ മുസാഫര്‍പൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി യുവാവ്. സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറി 14കാരി തട്ടിക്കൊണ്ട് പോയത്. നേരത്തെ 14കാരിയെ വിവാഹം ചെയ്യണമെന്ന താല്‍പര്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ താല്‍പര്യത്തോട് 14കാരി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 11ന് രാത്രിയില്‍ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ യുവാവ് 14കാരിയെ കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മൂന്ന് മോട്ടോര്‍ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഓഗസ്റ്റ് 12 രാവിലെ സമീപത്തെ കുളത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. നിരവധി തവണ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം കൈകളും കാലും കെട്ടി 14കാരിയെ കുളത്തില്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന പരാതി. തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകളാണ് പെണ്‍കുട്ടിക്ക് ഏറ്റിട്ടുള്ളത്. കുളത്തില്‍ നിന്ന് തന്നെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 14കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കില്ലെന്നാണ് പോലീസ് വിശദമാക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്നുള്ള സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവാവിന് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.