മുംബയ്: പാക് സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം. ഭർത്താവിനെ കാണുന്നതിന് പാകിസ്ഥാനിൽ പോകാൻ വ്യാജരേഖകൾ ചമച്ചതിനാണ് യുവതിക്കെതിരെ അന്വേഷണം നടക്കുന്നത്. ജൂലായ് 17ന് പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ യുവതി പൊലീസ് നിരീക്ഷണത്തിലാണ്.നാട്ടിലെത്തിയ ശേഷമാണ് നഗ്മ പാകിസ്ഥാനിൽ നിന്ന് മടങ്ങിയ കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നഗ്മ നൂർ മക്‌സൂദ് അലി സനം ഖാൻ റൂഖ് എന്നാണ് രേഖകളിൽ യുവതിയുടെ പേരെന്ന് പോലീസ് പറയുന്നു. 2021ലാണ് പാകിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയായ ബാബർ ബഷീറുമായി യുവതി പ്രണയത്തിലാകുന്നത്.
ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. വിവാഹത്തിനായി പാകിസ്ഥാൻ വിസയ്ക്ക് യുവതി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 2024 ഫെബ്രുവരിയിൽ ഇരുവരും ഓൺലൈനായി വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാജ ആധാർ കാർഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനിൽ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് പോലീസ് പറയുന്നത്.