തിരുവല്ല : ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ ക്രൂര പീഡനം അനുഭവിക്കുന്നുവെന്ന ഡ്രൈവര്‍ എബി ഏബ്രഹാമിന്റെ പരാതി തള്ളി സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫിന്റെ പ്രസ്താവന.
ഇതൊരു വ്യാജ പ്രചാരണമാണെന്നും വ്യക്തി വിരോധം മൂലം സഭയെ തേജോവധം ചെയ്യാനുള്ള ശ്രമം ആണെന്നും സഭാ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു. 103 വയസുള്ള തിരുമേനിക്ക് കൃത്യമായ മെഡിക്കല്‍ സേവനവും പരിചരണവും നല്‍കുന്നുണ്ട്. 2018 ഡിസംബര്‍ 10 മുതലാണ് തിരുമേനിയെ ഫെലോഷിപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നെല്ലാം തിരുമേനിയുടെ ഡ്രൈവര്‍ക്ക് ശമ്പളവും നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരുന്നു.
തിരുമേനിക്ക് ആശുപത്രി വിട്ട് പുറത്തേക്ക് പോകാനുള്ള ആരോഗ്യസ്ഥിതി ഇല്ലാത്തതിനാല്‍ ഇനി ഒരു ഡ്രൈവറുടെ ആവശ്യമില്ല. അതു കൊണ്ടാണ് സഭാ സിനഡും സെക്രട്ടറിയേറ്റും ചേര്‍ന്ന് ഡ്രൈവര്‍ എബിയുടെ സേവനം ജൂലൈ 31 വരെ എന്നുള്ള തീരുമാനം എടുത്തത്. അതു വരെയുള്ള എല്ലാ ആനുകൂല്യങ്ങളും അയാള്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തിരുമേനിയെ ശുശ്രൂഷിക്കാന്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം 24 മണിക്കൂറും ജാഗരൂകരാണ്. തിരുമേനിക്ക് ആവശ്യമുള്ള ഭക്ഷണമെല്ലാം നല്‍കുന്നുണ്ട്. അതിനായി പ്രത്യേക പാചകക്കാരന്‍ തന്നെയുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് ചാപ്ലിന്‍ റവ. ബിനു വര്‍ഗീസാണ്. എല്ലാ ദിവസവും ഡോക്ടര്‍മാരും നഴ്‌സുമാരുമെത്തി പരിശോധനയും പരിചരണവും നല്‍കി വരുന്നു. പുലാത്തിന്‍ അരമനയില്‍ നിന്നുമാണ് തിരുമേനിക്ക് പ്രത്യേക അവസരങ്ങളില്‍ ഭക്ഷണം എത്തിക്കുന്നത്. ആംബുലന്‍സില്‍ കൊണ്ടുവന്നുവെന്ന് പറയുന്നത് തിരുമേനിക്കുള്ള ഭക്ഷണമല്ല. ബിരിയാണി തയാറാക്കാനുള്ള പാത്രങ്ങള്‍ മാത്രമാണ്. സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ പതിവായി വലിയ തിരുമേനിയെ സന്ദര്‍ശിക്കാറുണ്ട്. ഇരുവരും തമ്മില്‍ സുദൃഡമായ സ്‌നേഹബന്ധം ആണുള്ളത്. വന്ദ്യവയോധികരായ പുരോഹിതന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിചരണവും സംരക്ഷണവും നല്‍കുന്നതാണ് എന്നും മാര്‍ത്തോമ്മ സഭയുടെ രീതി. ക്രിസോസ്റ്റം തിരുമേനിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മുന്‍പ് ഇതേ പോലെ ആരോപണം ഉയര്‍ന്നപ്പോള്‍ ജില്ലാ കലക്ടറും ഡിഎംഓയും അടക്കമുള്ളവര്‍ പരിശോധന നടത്താന്‍ എത്തിയിരുന്നു. അന്ന് തനിക്കിവിടെ യാതൊരു കുഴപ്പവുമില്ലെന്നാണ് വലിയ തിരുമേനി പറഞ്ഞത്.
നൂറുകടന്ന വയോധികനായ തിരുമേനിയുടെ പേര് ചിലര്‍ അവരുടെ വ്യക്തി വിരോധം തീര്‍ക്കാന്‍ വേണ്ടി വലിച്ചിഴയ്ക്കുന്നത് ഖേദകരമാണ്. ഞാനിന്ന് തിരുമേനിയെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴദ്ദേഹം ന്യൂസ് പേപ്പര്‍ വായിക്കുകയും ടെലിവിഷന്‍ കാണുകയുമായിരുന്നു. ഭക്ഷണവും നന്നായി കഴിക്കുന്നുണ്ട്. വെളളപ്പൊക്കം, മഹാമാരി എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. സ്‌കുളുകളും സര്‍ക്കാര്‍ ഓഫീസും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതിന് പകരം നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്ന് തല്‍പ്പര കക്ഷികള്‍ പിന്മാറണമെന്നും സഭാ സെക്രട്ടറി അഭ്യര്‍ഥിച്ചു.