കോഴഞ്ചേരി : കിടങ്ങന്നൂർ മാർത്തോമാ പള്ളി കയ്യടക്കി തെരുവുനായ്ക്കള്‍. കഴിഞ്ഞ 6 മാസത്തോളമായി 12 തെരുവുനായ്ക്കളാണ് പള്ളിയുടെ പരിസരം കയ്യടക്കിയിരിക്കുന്നത്. ഇതില്‍ പലതും അക്രമകാരികളാണ്. പട്ടിയെ ഭയന്ന് പലരും ഇപ്പോള്‍ പള്ളിയില്‍ വരുന്നില്ല. കഴിഞ്ഞയിടെയാണ് ഞായറാഴ്ച രാവിലെ സണ്ടേസ്കൂളിന് വന്ന കുട്ടിയെ പട്ടികള്‍ ആക്രമിക്കുവാന്‍ തുനിഞ്ഞത്. പള്ളിയില്‍ ഉണ്ടായിരുന്ന ചിലര്‍ ബഹളം വെച്ചതോടെയാണ് കുട്ടി പട്ടിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്.
ആറന്മുള പഞ്ചായത്ത് പത്താം വാര്‍ഡിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വാര്‍ഡ് മെമ്പര്‍ ഷീജയാണ് പഞ്ചായത്ത് പ്രസിഡന്റ്. വിശ്വാസികളില്‍ പലരും നായകളുടെ ഈ വിഷയം പ്രസിഡന്റിനെ പലപ്രാവശ്യം ധരിപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇടവകയിലെ അംഗങ്ങള്‍ പറയുന്നു. പഞ്ചായത്തിന്റെ ചുമതലയില്‍ ഇവിടെയുള്ള തെരുവ് നായകളെ എത്രയും വേഗം നീക്കിത്തരണമെന്നും എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് ഭയപ്പാടില്ലാതെ പള്ളിയില്‍ പോകുവാന്‍ കയിയൂ എന്നും വിശ്വാസികള്‍ പറയുന്നു.