കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ കൊച്ചിയിലെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈല്‍ അടക്കം തിരിച്ച് നല്‍കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ ഇന്ന് രാവിലെ പോലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
അതേസമയം മുന്‍കൂര്‍ ജാമ്യം തേടിയുള്ള മറുനാടന്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹര്‍ജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയാണ് സുപ്രീംകോടതിയില്‍ ഷാജന്‍ സ്‌കറിയാക്ക് വേണ്ടി ഹാജരാകുന്നത്. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വി.ജി അരുണിന്റെ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നിരാകരിച്ചത്. കുന്നത്തുനാട് എംഎല്‍എ വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ കേസിലാണ് ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് മറുനാടന്‍ നിയമ പോരാട്ടവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്.