ഈ വര്‍ഷം ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് പതിപ്പ് അവതരിപ്പിച്ചത്. മാരുതി സുസുക്കിയില്‍ നിന്നുള്ള ആദ്യ ഇവിയായതിനാല്‍ തന്നെ ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ് ജനശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോള്‍ ഇലക്ട്രിക് കാറിനെ കുറിച്ചുള്ള ചില സുപ്രധാന അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുകയാണ്. ഈ മാസം അവസാനം ജപ്പാനില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ ഇത് ആഗോള തലത്തില്‍ പ്രദര്‍ശിപ്പിക്കും. അപ്‌ഡേറ്റഡ് മാരുതി സുസുക്കി eVX കണ്‍സെപ്റ്റിനൊപ്പം നാലാം തലമുറ സ്വിഫ്റ്റിന്റെ കണ്‍സെപ്റ്റും പ്രദര്‍ശിപ്പിക്കും. സുസുക്കി EVX ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളാണിപ്പോള്‍ പുറത്ത് വന്നിട്ടുളളത്.
ഇലക്ട്രിക് എസ്‌യുവിയുടെ വലിപ്പം നോക്കുമ്പോള്‍ ഇതിന് 4,300 mm നീളവും 1800 mm വീതിയും 1600 mm ഉയരവുമാണുള്ളത്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച കാറില്‍ നിന്നുള്ള ചില സ്‌റ്റൈലിംഗ് ഫീച്ചറുകള്‍ ഉപയോഗിച്ച് ഇത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ കാറിലെ എല്ലാ ലൈറ്റിംഗും എല്‍ഇഡി ലൈറ്റുകളും പ്രൊഡക്ഷന്‍ സ്‌പെക് വിംഗ് മിററുകളുടെയും സ്ഥാനം മാറിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലില്‍ കണ്ടെതിനേക്കാള്‍ അല്‍പ്പം ഉയരത്തിലാണ് സുസുക്കി ലോഗോ സ്ഥാപിച്ചിരിക്കുന്നത്. ജപ്പാന്‍ ഓട്ടോ ഷോയില്‍ ഈ കാറിന്റെ എല്ലാ ഇന്റീരിയര്‍ സവിശേഷതകളും പ്രദര്‍ശിപ്പിക്കുമെന്ന് സുസുക്കി വ്യക്തമാക്കി. ക്യാബിനിനുള്ളില്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമുള്ള ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം, ഫ്‌ലാറ്റ്-ബോട്ടമുള്ള സ്പോര്‍ട്ടി സ്റ്റിയറിംഗ് വീല്‍, റൗണ്ട് ഡയല്‍, ടച്ച് പാനല്‍ എന്നിവയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
എന്നാല്‍ പ്രൊഡക്ഷന്‍ മോഡലിന്റെ സെല്‍ കെമിസ്ട്രിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ കാര്‍ 550 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. റേഞ്ചിന്റെ കാര്യത്തില്‍ മാരുതി സുസുക്കി പരിഷ്‌കാരങ്ങള്‍ ഒന്നും വരുത്തിയതായി പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല. ജപ്പാനില്‍ ഈ കാര്‍ ഫുള്‍ ചാര്‍ജില്‍ കുറഞ്ഞത് 500 കിലോമീറ്ററെങ്കിലും റേഞ്ച് നല്‍കുമെന്ന് സുസുക്കി പറയുന്നു. ജപ്പാനിലും ഇന്ത്യയിലും വില്‍പ്പനക്കെത്തുന്ന ഇവി ഏകദേശം ഒരുപോലെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോര്‍സ് അടക്കമുള്ള മാരുതി സുസുക്കിയുടെ എതിരാളികള്‍ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ അനുദിനം വലുതാക്കുമ്പോള്‍ മാരുതി സുസുക്കി ഇനിയും ഈ വിഭാഗത്തിലേക്ക് കാലെടുത്ത് വെച്ചിട്ടില്ല.
രാജ്യത്തിന് ഇലക്ട്രിക് കാറുകളല്ല ആവശ്യം മറിച്ച് എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അടുത്തിനെ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ വൈദ്യുത കാറുകളുടെ കാര്‍ബണ്‍ ഫൂട്പ്രിന്റ് ഹൈബ്രിഡ് കാറുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് ആര്‍സി ഭാര്‍ഗവ പറയുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്. എങ്കിലും ഇലക്ട്രിക് വാഹന ലോകത്തേക്ക് വളരെ ശ്രദ്ധയോടെ കാലൂന്നാനും മാരുതി മറക്കുന്നില്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍, ഹൈബ്രിഡ് തുടങ്ങിയ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാനും മാരുതി താല്‍പര്യപ്പെടുന്നു.
ആഗോള തലത്തില്‍ ടൊയോട്ടയുമായുള്ള സഹകരണത്തിന്റെ ഫലമായി മാരുതി സുസുക്കി ഹൈബ്രിഡ് വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ഇവക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതായാലും മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വരവ് രാജ്യത്ത് ഇവികള്‍ കൂടുതല്‍ ജനകീയമാകുന്ന സാഹചര്യമുണ്ടാക്കും. ഇലക്ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.