മാരുതി സുസുക്കി ഡിസയറിന്റെ ഏറ്റവും പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ (എക്‌സ് ഷോറൂം ഡല്‍ഹി) വരെയാണ് വില. എല്‍.എക്‌സ്.ഐ, വി.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ, ഇസഡ്.എക്‌സ്. പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് പുത്തന്‍ ഡിസയര്‍ വിപണിയിലെത്തുന്നത്. മാനുവല്‍ ഓപ്ഷന്‍ മാത്രമുള്ള എല്‍.എക്‌സ്.ഐ. വേരിയന്റിന്റെ വിലയാണ് 6.79 ലക്ഷം രൂപ. വി.എക്‌സ്.ഐ. വേരിയന്റില്‍ മാനുവലിന് 7.79 ലക്ഷം രൂപയും എ.ജി.എസിന് 8.24 ലക്ഷം രൂപയും സി.എന്‍.ജി. മാനുവലിന് 8.74 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇസഡ്.എക്‌സ്.ഐ. മാനുവല്‍-8.89 ലക്ഷം, എ.ജി.എസ്- 9.34 ലക്ഷം, സി.എന്‍.ജി-9.84 ലക്ഷം, ഇസഡ്.എക്‌സ്.പ്ലസ് മാനുവല്‍-9.69 ലക്ഷം, എ.ജി.എസ്- 10.14 ലക്ഷം എന്നിങ്ങനെയാണ് മറ്റുവേരിയന്റുകളുടെ വില.
ന്യൂജെന്‍ സ്വിഫ്റ്റിലെ പുതിയ ഇസഡ് സീരിസ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായാണ് പുതിയ ഡിസയറും നിരത്തിലെത്തുന്നത്. 82 എച്ച്.പി. കരുത്തും പരമാവധി 112 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്(എ.ജി.എസ്) ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ട്. മാനുവല്‍ മോഡലിന് 24.79 കിലോമീറ്ററാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്. എ.ജി.എസിന് ലിറ്ററിന് 25.71 കിലോമീറ്ററും സി.എന്‍.ജി.ക്ക് 33.73 കിലോമീറ്ററും മൈലേജ് കമ്പനി അവകാശപ്പെടുന്നു. ഇന്റീരിയറിലും എക്സ്റ്റീയറിലും അടിമുടി മാറ്റങ്ങളുമായാണ് പുത്തന്‍ ഡിസയര്‍ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഗ്രില്‍, ഫ്‌ളാറ്റര്‍ ബോണറ്റ്, ഡി.ആര്‍.എല്‍ ഉള്‍പ്പെടുന്ന ഹെഡ്‌ലൈറ്റ്, പുതിയ ഡിസൈനിലുള്ള ടെയില്‍ ലൈറ്റ്, പുതിയ അലോയ്, ലിപ് സ്‌പോയിലര്‍ തുടങ്ങിയവയാണ് പുറത്തെ മാറ്റങ്ങള്‍. സ്വിഫ്റ്റിന്റെ അതേരീതിയിലുള്ള ഡാഷ്‌ബോര്‍ഡ് ആണെങ്കിലും ഇളം ബീജ് ഷെയ്ഡിങ്ങോടെയാണ് ഇത് ഡിസയറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് പുതിയ ഡിസയറിലെ പ്രധാന ഫീച്ചറുകള്‍.