ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്ര ഥാറുമായുള്ള പോരാട്ടം വേറെ ലെവലിലെത്തിക്കാന്‍ പോകുകയാണ് മാരുതി സുസുക്കി. വിപണിയില്‍ എത്തി 5 മാസമായിട്ടും ഇന്ത്യന്‍ വിപണിയില്‍ ഥാറിന്റെ ആധിപത്യത്തിന് തടയിടാന്‍ 5 ഡോര്‍ ജിംനിക്ക് സാധിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം അതിന്റെ പ്രാരംഭ വില ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ജിംനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് കൊണ്ടുവന്ന് ആ പരാതി പരിഹരിച്ചിരിക്കുകയാണ് മാരുതി. തണ്ടര്‍ എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന മാരുതി സുസുക്കി ജിംനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് 10.74 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 12.74 ലക്ഷം രൂപ മുതലാണ് ജിംനി സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില ആരംഭിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ മാരുതി സുസുക്കി ജിംനി തണ്ടര്‍ എഡിഷന് ചില കോസ്മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്.
എന്‍ട്രി ലെവല്‍ സീറ്റ, ആല്‍ഫ ട്രിമ്മുകളിലാണ് തണ്ടര്‍ എഡിഷന്‍ ലഭ്യമാകുക. ജിംനി തണ്ടര്‍ എഡിഷന്റെ വില പറയുമ്പോള്‍ സീറ്റ AT-ക്ക് 11.94 ലക്ഷം രൂപയാണ് വില. ആല്‍ഫ MT-ക്ക് 12.69 ലക്ഷവും ആല്‍ഫ MT ഡ്യുവല്‍ ടോണിന് 12.85 ലക്ഷം രൂപയും മുടക്കണം. അതേസമയം ആല്‍ഫ AT-ക്ക് 13.89 ലക്ഷവും ആല്‍ഫ AP DT ട്രിമ്മുകള്‍ക്ക് 14.05 ലക്ഷം രൂപയുമാണ് വില. ഇവയെല്ലാം എക്‌സ്‌ഷോറൂം വിലകളാണ്. ജിംനി തണ്ടര്‍ എഡിഷനില്‍ നിരവധി ആക്സസറികള്‍ മാരുതി സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നുണ്ട്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോര്‍ ക്ലാഡിംഗ്, ഡോര്‍ വിസര്‍, ഡോര്‍ സില്‍ ഗാര്‍ഡ്, റസ്റ്റിക് ടാനില്‍ ഗ്രിപ്പ് കവര്‍, ഫ്‌ലോര്‍ മാറ്റ്, എക്സ്റ്റീരിയറില്‍ ഗ്രാഫിക്‌സ് എന്നിവയാണ് ഇതിന് ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റുകള്‍. ഇത് മാത്രമല്ല ഫ്രണ്ട് ബമ്പര്‍, ഒആര്‍വിഎം, സൈഡ് ഫെന്‍ഡര്‍, ഹുഡ് എന്നിവയില്‍ ഗാര്‍ണിഷും നല്‍കിയിരിക്കുന്നു.
ഇതല്ലാതെ ഓഫ്‌റോഡര്‍ എസ്‌യുവിയില്‍ മാരുതി മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. വലിപ്പം നോക്കുമ്പോള്‍ മാരുതി സുസുക്കി ജിംനിക്ക് 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവുമുണ്ട്. 2,590 mm ആണ് ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ വീല്‍ബേസ് അളവ്. നീളമേറിയ വീല്‍ബേസിന്റെ ബലത്തില്‍ 3 ഡോര്‍ പതിപ്പിനേക്കാള്‍ അകത്തളത്തില്‍ സ്‌പെയ്‌സ് ഉണ്ടെന്നതാണ് ജിംനി 5 ഡോറിന്റെ പ്രധാന മെച്ചങ്ങളില്‍ ഒന്ന്. 6,000 rpm-ല്‍ 103 bhp മാക്‌സ് പവറും 4,000 rpm-ല്‍ 134 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5-ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, K-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനി തണ്ടര്‍ എഡിഷനും തുടിപ്പേകുക. ഇത് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. എസ്‌യുവിയില്‍ ഫോര്‍വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡാണ്. മോഡലിന്റെ രണ്ട് വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും.