കൊച്ചി : മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ 27, 28 തീയതികളിൽ ഇ.ഡി.ക്കുമുമ്പിൽ ഹാജരായി വിശദീകരണം നൽകാൻ കിഫ്ബി ഫിനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ (ഡി.ജി.എം.) അജോഷ് കൃഷ്ണകുമാറിന് ഹൈക്കോടതി അനുമതിനൽകി. പ്രാഥമികഘട്ടമായി ഡി.ജി.എം. വിശദീകരണം നൽകാമെന്ന് കിഫ്ബി അറിയിച്ചത് കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുമതിനൽകിയത്.
നിലവിൽ ഇ.ഡി.ക്കു (എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ്) മുമ്പിൽ ഹാജരാകാൻ തയ്യാറല്ലെന്ന നിലപാടാണ് മുൻ മന്ത്രി തോമസ് ഐസക് സ്വീകരിച്ചത്. ഐസക് ഹാജരാകണമെന്ന നിലപാട് ഇ.ഡി. ആവർത്തിച്ചു. ഡി.ജി.എമ്മിനോടൊപ്പം നാലു ഓഫീസർമാരും ഹാജരാകും. ഇവരുടെ വിശദീകരണം കണക്കിലെടുത്തായിരിക്കും സി.ഇ.ഒ. അടക്കം ഹാജരാകേണ്ടതുണ്ടോയെന്നതിൽ തീരുമാനം എടുക്കുന്നത്.