കൊച്ചി : മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള ഇഡി സമന്‍സ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയും മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകും നല്കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് പി. ദത്താറും ജയദീപ് ഗുപ്തയും ഹാജരാകും.
ചൊവ്വാഴ്ച ഹാജരാകണമെന്ന് കാട്ടി ഇഡി പുതിയ സമന്‍സ് നല്‍കിയെങ്കിലും തോമസ് ഐസക് ഹാജരായിരുന്നില്ല. കോടതി പറഞ്ഞാൽ മാത്രം ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നും അതല്ലാതെ ഇഡി ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തോമസ് ഐസക് ആരോപിച്ചിരുന്നു. ഫെമ നിയമസംഘനം പരിശോധിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്നാണ് കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും പ്രധാന വാദം.