തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്‌കിനും സാനിറ്റൈസറിനും പിപിഇ കിറ്റിനും വില നിശ്ചയിച്ച് സര്‍ക്കാര്‍. എന്‍ 95 മാസ്‌ക് 22 രൂപ, സര്‍ജിക്കല്‍ മാസ്‌ക് 4 രൂപ, പിപിഇ കിറ്റ് 273 രൂപ, സാനിറ്റൈസര്‍ 55 രൂപ (100 ml.), പരിശോധനാ ഗ്ലൗസ് 5.75, പള്‍സ് ഓക്‌സിമീറ്റര്‍ 1500 രൂപ എന്നതാണ് നിരക്ക്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിരക്ക് ബാധകമാണ്.
കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സാധന കിറ്റ് ലോക്ഡൗണ്‍ പരിഗണിച്ച് ജൂണിലും വിതരണം ചെയ്യും. മേയ് മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവര്‍ക്ക് 1000 രൂപവീതം നല്‍കും. സ്വന്തം ഫണ്ടില്ലാത്ത ബോര്‍ഡുകളെ സര്‍ക്കാര്‍ സഹായിക്കും. ഈ സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ നല്‍കും. സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള അംഗന്‍വാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങാതെ നല്‍കും. കുടുംബശ്രീ വഴിയുള്ള സഹായഹസ്തം വായ്പ പലിശസബ്‌സിഡി മുന്‍കൂര്‍ നല്‍കും.
കുടുംബശ്രീ വായ്പകളുടെ തിരിച്ചടവിന് 6 മാസം മൊറട്ടോറിയത്തിന് കേന്ദ്രത്തോടഭ്യര്‍ഥിക്കും. വസ്തുനികുതി, ടൂറിസം നികുതി, ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ക്ക് സാവകാശം നല്‍കും. മഴ ശക്തിപ്പെടുമ്പോള്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത മുന്നില്‍ക്കാണണം. മഴക്കാലപൂര്‍വശുചീകരണത്തിന് പ്രാധാന്യം നല്‍കണം. ഞായറാഴ്ച എല്ലാവീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഓക്‌സിജന്‍ ലഭ്യത വരുംദിവസങ്ങളില്‍ വര്‍ധിക്കും. കേന്ദ്രം അനുവദിച്ച ഓക്‌സിജന്‍ എക്സ് പ്രസ് ട്രെയിന്‍ വൈകാതെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. റബര്‍ സംഭരിക്കുന്ന കടകള്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.