ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
വായുസഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധ ഉണ്ടാക്കാനും സാധിക്കും. അതിനാല്‍ മുറികളിലും മാസ്‌ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ജിംനേഷ്യങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മതിയായ വായുസഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പു വരുത്തണം. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാന്‍ ജനങ്ങള്‍ മാസ്‌ക് ശരിയായി മുറുക്കി ധരിക്കണം. അഞ്ചു വയസു വരെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ആറ് വയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ അവസരത്തിനൊത്ത് മാസ്‌ക് ധരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള സമഗ്രമായ സമീപനത്തിനായി മാസ്‌ക് ധരിക്കല്‍ ശീലമാക്കണമെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു.