തിരുവനന്തപുരം : തലസ്ഥാനത്ത് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി. തിരുവനന്തപുരം
ജില്ലയിലെ കോണ്‍ഗ്രസ് കമ്മിറ്റിയെ പ്രതിസന്ധിയിലാക്കി കൊണ്ട് കോണ്‍ഗ്രസ് ആസ്ഥാനം ഉള്‍പ്പെടുന്ന ബ്ളോക്കില്‍ കൂട്ട രാജി. പാര്‍ട്ടി നേതൃത്വത്തിന്‍റെ ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവ് ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരടക്കം നൂറ്റിനാല് നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന് രാജിക്കത്ത് കൈമാറി. കാരണങ്ങള്‍ വ്യക്തമാക്കികൊണ്ട് രാജിവെയ്ക്കുന്ന നേതാക്കളുടെ പേരും രേഖപ്പെടുത്തിയാണ് രാജി കൈമാറിയത്. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ വാഴോട്ടുകോണം ചന്ദ്രശേഖരന്‍, വി.എന്‍.ഉദയകുമാര്‍, ഡി.സി.സി അംഗങ്ങളായ വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, എം.ഷാഹുല്‍ ഹമീദ്, കാച്ചാണി സനില്‍ എന്നിവര്‍ ഉള്‍പ്പെടെയുളള നേതാക്കളും പ്രവര്‍ത്തകരുമാണ് രാജി സമര്‍പ്പിച്ചത്.
വട്ടിയൂര്‍ക്കാവ് ബ്ളോക്കില്‍ നിന്നുളള കെ.പി.സി.സി അംഗങ്ങളായ ശാസ്തമംഗലം മോഹനന്‍, ഡി.സുദര്‍ശന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച രണ്ട് നേതാക്കളെയും നേതൃത്വം നടപടി എടുക്കാതെ സംരക്ഷിക്കുന്നെവന്നാണ് രാജിവെച്ചവരുടെ ആരോപണം. എല്ലാക്കാലത്തും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച രണ്ട് നേതാക്കളെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കാതെ ഒത്തുതീര്‍പ്പിനില്ല എന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.
കോണ്‍ഗ്രസിന്‍റെ ശക്തിദുര്‍ഗമായി കരുതിപ്പോന്നിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ പൊതു തെരഞ്ഞെടുപ്പിലും പരാജയം നേരിട്ടതാണ് സംഘടനാ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ നായര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ചില നേതാക്കളുടെ പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ക്കെതിരെ വിമത യോഗം ചേര്‍ന്നവരാണ് ഇപ്പോള്‍ കൂട്ടത്തോടെ രാജിവെച്ചത്.
അത്യധികം വിഷമത്തോടും പ്രതിഷേധത്തോടുമാണ് ഭാരവാഹി സ്ഥാനങ്ങളില്‍ നിന്ന് രാജി വെയ്ക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി പാര്‍ട്ടി മൂന്നാം സ്ഥാനത്താകാന്‍ കാരണം കെ.പി.സി.സി അംഗങ്ങളായ ശാസ്തമംഗലം മോഹനനും ഡി.സുദര്‍ശനും ചാനലുകളിലൂടെ നടത്തിയ പരസ്യ പ്രതികരണങ്ങളും റിബല്‍ ഭീഷണിയും സൃഷ്ടിച്ച ആശയക്കുഴപ്പമാണെന്നാണ് രാജിക്കത്തിലെ ആരോപണം.
വിമത ഭീഷണി മുഴക്കിയവര്‍ തന്നെ നിര്‍ബന്ധപൂര്‍വം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ മണ്ഡലത്തില്‍ ഒട്ടിക്കാതെ ആക്രിക്കടയില്‍ വിറ്റത് ഇതിന്‍റെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സ്ഥാനാര്‍ത്ഥിയും മുന്‍ എം.എല്‍.എ വട്ടിയൂര്‍ക്കാവ് രവിയും കെ.പി.സി.സിക്ക് പരാതി സമര്‍പ്പിച്ചു. തുടര്‍ന്ന് രണ്ടംഗ കമ്മിറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് കൊല്ലമായിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാജയത്തിന് ഉത്തരവാദികളായവര്‍ ഇപ്പോഴും ഭാരവാഹികളായി വിലസുകയാണ്. ഇവര്‍ക്കെതിരെ പ്രവര്‍ത്തകരില്‍ അമര്‍ഷവും പ്രതിഷേധവും പുകയുകായാണ്.
കാലാകാലങ്ങളായി ബി.ജെ.പി സി.പി.എം പാര്‍ട്ടികളുമായി ഇവര്‍ രഹസ്യധാരണ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് പരസ്യമായ രഹസ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുന: സംഘടന നടക്കാനിരിക്കെ അത് അവഗണിച്ച് ഗ്രൂപ്പ് താല്‍പര്യം മാത്രം മുന്‍നിര്‍ത്തി വട്ടിയൂര്‍ക്കാവില്‍ മാത്രം പുതിയ ബ്ളോക്ക് പ്രസിഡന്റിനെ നിയമിച്ചതിനെതിരെയും രാജിക്കത്തില്‍ വിമര്‍ശനമുണ്ട്. ബ്ളോക്ക് പ്രസിഡന്റ് നിയമനത്തിന് എതിരെ 74 പേര്‍ ഒപ്പിട്ട പരാതി നല്‍കിയിട്ടും പ്രശ്നം പരിഹാരത്തിന് ഇടപെടലുണ്ടായില്ലെന്നും രാജിവെച്ചവര്‍ പരാതിപ്പെടുന്നു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.