കേരളപുരം : കൊല്ലം കേരളപുരത്ത് വൻ വയക്കുമരുന്ന് വേട്ട. രണ്ട് കാറുകളിലായി കടത്തിക്കൊണ്ട് വന്ന 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തട്ടാമല ത്രിവേണി സ്വദേശി മുഹമ്മദ് അനീസ്(25 ), ഇരവിപുരം വാളത്തുങ്കൽ സ്വദേശി ഷാനു എന്നറിയപ്പെടുന്ന ഷാനുർ(31), സെയ്ദലി(26) എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപെട്ട ഇരവിപുരം വാളത്തുങ്കൽ സ്വദേശിയായ മനോഫറിനായി(35) എക്സൈസ് അന്വേഷണം തുടങ്ങി.
ബെംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന മയക്കുമരുന്ന് വിൽപ്പനയ്ക്കായി തയ്യാറായി നിൽക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കൊല്ലത്ത് ചില്ലറ വിൽപ്പനക്കെത്തിച്ചതാണ് മയക്കുമരുന്ന്. പ്രതികൾക്ക് ലഹരി മരുന്ന് കിട്ടിയത് എവിടെ നിന്നാണെന്നും ആർക്കാണ് കൈമാറാനിരുന്നത് എന്നതടക്കം വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എക്സൈസ് അറിയിച്ചു.