തിരുപ്പൂർ : തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്താണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായം ഇല്ല. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾക്ക് ആണ് തീപിടിച്ചത്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തം ഉണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. ദിവസ വേതന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വാടകയ്ക്ക് നൽകിയിരുന്ന സാറാ ദേവിയുടേതാണ് വീടുകൾ.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം. ഒരു വീട്ടിൽ തീപിടുത്തമുണ്ടായി. വീട്ടിലെ ഒരു പാചക വാതക സിലിണ്ടർ നിമിഷങ്ങൾക്കുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തുടർന്ന് തീ അടുത്തുള്ള വീടുകളിലേക്ക് പടർന്നതോടെ, ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിച്ചു. അയൽക്കാർ ഉടൻ തന്നെ ഫയർഫോഴ്‌സിനെയും പോലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂർ സൗത്ത്, നോർത്ത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തിരുപ്പൂർ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിൻ ഷെഡുകൾ ഉപയോഗിച്ച് 42 ചെറിയ വീടുകൾ നിർമ്മിച്ച് വാടകയ്ക്ക് നൽകിയ ഉടമയെയും പോലീസ് ചോദ്യം ചെയ്തു.