ഡെറാഡൂണ്‍ : കേന്ദ്ര സര്‍ക്കാര്‍ ഓഡിറ്റില്‍ ഉത്തരാഖണ്ഡില്‍ കണ്ടെത്തിയത് വന്‍ സാമ്പത്തിക ക്രമക്കേട്. വന സംരക്ഷണ ഫണ്ട് ഉപയോഗിച്ച് ഐ ഫോണും ഓഫീസ് അലങ്കരിക്കുന്ന വസ്തുക്കളും ഉള്‍പ്പെടെ വാങ്ങിയതായാണ് കണ്ടെത്തല്‍. സാമ്പത്തിക വര്‍ഷം 2021-22 ല്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ സര്‍വ്വേയിലാണ് വനം, ആരോഗ്യ വകുപ്പുകളും തൊഴിലാളി ക്ഷേമനിധി ബോര്‍ഡും യാതൊരു ആസൂത്രണവും അനുമതിയും ഇല്ലാതെ പൊതുഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. ഉത്തരാഖണ്ഡ് നിയമസഭയില്‍ കഴിഞ്ഞ ദിവസം ബജറ്റ് സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് വെച്ചിരിക്കുന്നത്. തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് 2017 നും 2021 നും ഇടയില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ 607 കോടി രൂപയാണ് ചെലവഴിച്ചത്.
നിര്‍ബന്ധിത വനവല്‍ക്കണ ഫണ്ട് മാനേജ്‌മെന്റ് ആന്റ് പ്ലാനിംഗ് അതോറിറ്റി (സിഎഎംപിഎ)യുടെ ഏകദേശം 14 കോടി രൂപയുടെ ഫണ്ട് മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റിയതായും കണ്ടെത്തി. ലാപ് ടോപ്, ഫ്രിഡ്ജ്, കൂളര്‍ എന്നിവ വാങ്ങുന്നതിനും കെട്ടിടം നവീകരിക്കുന്നതിനും കോടതി ചെലവുകള്‍ക്കുമായാണ് തുക ചെലവഴിച്ചിരിക്കുന്നത്. വനത്തിന് വേണ്ടി കണ്ടെത്തിയ ഫണ്ട് വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിതമായി ചെയ്തിരിക്കേണ്ട വനവല്‍ക്കരണം 37 കേസുകളില്‍ എട്ട് വര്‍ഷം എടുത്താണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎഎംപിഎ സ്‌കീം പ്രകാരം ഭൂമി തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത് തെറ്റായ രീതിയിലാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിന് പുറമെ ഭൂമി കൈമാറ്റ നിയമം ലംഘിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.