ന്യുഡല്‍ഹി : ഇന്ത്യയിലെ കസ്റ്റമേഴ്‌സിന് ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യുതിന് മാസ്റ്റര്‍കാര്‍ഡിന് വിലക്ക്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് വിലക്കേര്‍പ്പെടുത്തിയത്. ഡേറ്റാ സ്റ്റോറേജുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലഘിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ കമ്പനിയായ മാസ്റ്റര്‍കാര്‍ഡിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന വിദേശ കാര്‍ഡ് കമ്പനികള്‍ ഇന്ത്യയിലെ പേയ്‌മെന്റുകളുടെ വിവരങ്ങള്‍ റസര്‍വ്വ് ബാങ്കിന് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന വിധത്തില്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നാണ് നിയമം.
എന്നാല്‍ 2018 മുതല്‍ മാസ്റ്റര്‍ കാര്‍ഡ് ഈ നിയമം പാലിക്കുന്നില്ലെന്നും തെറ്റുതിരുത്തി നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകാന്‍ പരമാവധി സമയം അനുവദിച്ചിട്ടും കമ്പനി അതുപയോഗപ്പെടുത്തിയില്ലെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തീരുമാനം നിരാശപ്പെടുത്തുന്നു എന്നാണ് മാസ്റ്റര്‍കാര്‍ഡ് കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചത്. കമ്പനി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങല്‍ നടക്കുകയാണെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.
നിലവില്‍ മാസ്റ്റര്‍കാര്‍ഡ് ഉപയോഗിക്കുന്നവരെ ഇപ്പോളത്തെ വിലക്ക് യാതൊരുവിധത്തിലും ബാധിക്കില്ല. ഒരുമാസം മുമ്പ് അമേരിക്കന്‍ എക്സ് പ്രസിനെതിരേയും റിസര്‍വ്ബാങ്ക് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ എക്സ് പ്രസ്സ് പോലെയല്ല മാസ്റ്റര്‍ കാര്‍ഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളുമായും മാസ്റ്റര്‍ കാര്‍ഡിന് കരാറുകളുണ്ട്. കോടിക്കണക്കിന് ഉപഭോക്താക്കളാണ് മാസ്റ്റര്‍ കാര്‍ഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്.