പത്തനംതിട്ട: മികച്ച സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ ഞാറയ്ക്കല്‍ മരങ്ങാട്ടുതറ വീട്ടില്‍ അച്ചു എം.എസ്. (എല്‍.എഫ്.എച്ച്.എസ്. ഞാറക്കല്‍, എറണാകുളം ജില്ല), ഹയര്‍ സെക്കന്ററി തലത്തില്‍ പ്ലാത്താംങ്കര നന്ദിലം വീട്ടില്‍ ആദര്‍ശ് ആര്‍.എ. (ജി.എച്ച്.എസ്. നെയ്യാറ്റിന്‍കര, തിരുവനന്തപുരം ജില്ല) എന്നിവരാണ് 2023ലെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹത നേടിയിരിക്കുന്നത്.
പഠനത്തോടൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന മികച്ച സന്നദ്ധ പ്രവര്‍ത്തകാരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തില്‍ നല്‍കുന്ന പുരസ്‌കാരമാണ് ശിഷ്യ ശ്രേഷ്ഠ അവാര്‍ഡ്. എം. മാസ്റ്റേഴ്‌സ് ഫൗണ്ടേഷന്‍ കേരള ആണ് സ്‌കൂള്‍ കോളജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവാര്‍ഡ് നല്‍കുന്നത്. ശിഷ്യ ശ്രേഷ്ഠ വിജയികളെ പ്രശസ്തിപത്രവും, മെമന്റോയും, ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കി പൊന്നാടയണിയിച്ച് ആദരിക്കും. റിട്ടയര്‍ഡ് അധ്യാപകനും, മുന്‍ പാഠപുസ്തക നിര്‍മ്മാണ സമിതി അംഗവും, വ്യതസ്ത സാമൂഹ്യ പ്രവര്‍ത്തകനുമായ മണി മാഷ് എന്നറിയപ്പെടുന്ന കെ.ജി.റെജി നളന്ദ ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാര്‍ഡിന് തുടക്കം കുറിച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാര്‍ഡിന്റെ അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും 9048685287 എന്ന നമ്പറില്‍ വിളിക്കുക.