പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിച്ചു. കുടപ്പന സെന്റ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരം നടന്നത്.
ഇന്നലെ നടന്ന റീ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ഭാര്യ ഷീബയും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. ജനപ്രതിനിധികളും ബന്ധുക്കളും നാട്ടുകാരും പങ്കെടുത്ത വിലാപയാത്ര 12 മണിയോടെ ചിറ്റാറിലെ കുടുംബ വീട്ടിലെത്തി. രണ്ട് മണിക്കൂര്‍ വീട്ടില്‍ പൊതുദര്‍ശനം. കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം നിലനില്‍ക്കെ നൂറ് കണക്കിനാളുകളാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പൊന്നുവിനെ കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടപ്പനയിലെ കുടുംബ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനധിപന്‍ കുര്യോക്കോസ് മാര്‍ ക്ലിമിസിന്റെ കാര്‍മികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.