പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി.മത്തായിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വനം വകുപ്പിന്റെ വീഴ്ചകള്‍ അക്കമിട്ടു നിരത്തി പോലീസ് അന്വേഷണ റിപ്പോര്‍ട്ട്. വനം വകുപ്പിന് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജൂലൈ 28 മരിച്ച മത്തായിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 29നാണ്. ജി ഡി രജിസ്റ്ററില്‍ കൃത്രിമം കാട്ടാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഉദ്യോഗസ്ഥരുടെ 12 വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. സുഹൃത്തെന്ന് അവകാശപ്പെട്ടെത്തിയ ആളില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്റെ ഈ വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
മത്തായിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നതിന്റെ സൂചനകളുമുണ്ട്. ഇത് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം മത്തായിയുടെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടാകാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്.
വനപാലകര്‍ തയാറാക്കിയ മഹസറില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ജനറല്‍ ഡയറിയിലും അപാകതകള്‍ ഉണ്ട്. വൈകിട്ട് 3.50ന് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയ മത്തായിയുടെ കസ്റ്റഡി രാത്രി 10 മണിക്കാണ് ജിഡിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൃഗവേട്ട കണ്ടതായി ഒരാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മത്തായിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. എന്നാല്‍ മത്തായിക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്ന 2 സഹായികളെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. വീട്ടില്‍നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. വീട്ടില്‍ പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടില്ല.